arun

,

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സെക്രട്ടേറിയറ്റിനു സമീപത്ത് ഫ്ലാറ്റ് ഏർപ്പാടാക്കിയത് മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രനാണ്. സ്ഥലംമാറിയെത്തുന്ന സുഹൃത്തിനും കുടുംബത്തിനുമെന്നു പറഞ്ഞ് ശിവശങ്കറാണ് ബുക്കു ചെയ്യിച്ചതെന്ന് അരുൺ വെളിപ്പെടുത്തി.

സുഹൃത്തിന്റെ ഫ്ലാറ്റിന്റെ ഫർണിഷിംഗ് തീരുംവരെ ആറു ദിവസത്തേക്ക് വാടക ഫ്ലാറ്റ് ഏർപ്പാടാക്കാനാണ് പറഞ്ഞത്. ഈ നിർദ്ദേശമടങ്ങിയ ശിവശങ്കറിന്റെ വാട്സ്ആപ് സന്ദേശങ്ങൾ അരുൺ പുറത്തുവിട്ടു. ഇത് എൻ.ഐ.എയ്ക്കും കസ്റ്റംസിനും അയച്ചിട്ടുണ്ട്. സ്വർണം പിടികൂടിയശേഷം കഴിഞ്ഞ 5ന് ഒളിവിൽ പോകുംവരെ സ്വപ്ന ഈ ഫ്ലാറ്റിലുണ്ടായിരുന്നു.

മേയ് 27നാണ് അരുണിന് വാട്സ്ആപ് സന്ദേശമെത്തിയത്. 31മുതൽ രണ്ട് ബെഡ് റൂം ഫ്ലാറ്റ് ആറു ദിവസത്തേക്ക് വേണമെന്നായിരുന്നു ആവശ്യം. അപ്പാർട്ട്മെന്റ് കരാറുകാരൻ രാജീവിനെ ഇക്കാര്യമറിയിച്ചു. നല്ല ഡിസ്കൗണ്ട് നൽകണമെന്നും പറഞ്ഞു.

താമസിക്കാനെത്തിയപ്പോൾ നൽകിയ തിരിച്ചറിയൽ കാർഡ് സ്വപ്നയുടെ ഭർത്താവ് ജയശങ്കറിന്റേതാണ്. സ്വപ്നയെ കൂടാതെ സരിത്ത്, സന്ദീപ്, റമീസ് എന്നിവരും അവിടെ വന്നുപോയെന്നാണ് വിവരം. രാത്രിയിൽ നിരവധിയാളുകൾ വന്നിരുന്നെന്നും എല്ലാവരെയും തിരിച്ചറിയാനായില്ലെന്നുമാണ് കെയർടേക്കറുടെ മൊഴി. ഫ്ലാറ്റിന് മൂവായിരം രൂപയായിരുന്നു ദിവസവാടക.

ശിവശങ്കറിനും ഈ സമുച്ചയത്തിൽ ഫ്ലാറ്റുണ്ട്. പ്രതിമാസം 17,500 രൂപയാണ് വാടക. 45000 രൂപ വാടകയുള്ള ഫ്ലാറ്റ് കുറഞ്ഞ നിരക്കിൽ ശിവശങ്കറിന് നൽകിയത് താൻ ഇടപെട്ടതിനാലാണെന്ന് അരുൺ പറയുന്നു. ഉന്നത ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഫ്ലാറ്റെടുക്കാൻ ഇടപെട്ടത്. സ്വപ്നയുമായും അവരുടെ സ്ഥാപനവുമായും ബന്ധമില്ലെന്നും അരുൺ പറഞ്ഞു. താൻ ടെക്നോപാർക്ക് കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ നടക്കുന്നതൊന്നും അറിയില്ല- അരുൺ വിശദീകരിച്ചു.

അതേസമയം, ആരാണ് സ്വപ്നയ്ക്ക് ഫ്ളാ​റ്റ് സംഘടിപ്പിച്ചു നൽകിയതെന്ന കസ്റ്റംസിന്റെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി.

ഐ.ടി ഫെലോ

സംസ്ഥാനത്തേക്ക് ഐ.ടി നിക്ഷേപവും കമ്പനികളെയും ആകർഷിക്കുകയാണ് ഐ.ടി ഫെലോയെന്ന രീതിയിൽ അരുണിന്റെ ചുമതല. 2017ലായിരുന്നു നിയമനം. ഇൻഫോസിസ് മേധാവിയായിരുന്ന ഷിബുലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് ഫെലോ റിപ്പോർട്ട് ചെയ്യേണ്ടത്. ഡയറക്ടർ മാനേജ്മെന്റ് ഓപ്പറേഷൻസ് എന്നത് കോർപറേറ്റ് തസ്തിക ആയതിനാൽ തങ്ങളുടെ ആവശ്യപ്രകാരം പേര് ഇങ്ങനെ മാറ്റുകയായിരുന്നെന്നാണ് അരുൺ പറയുന്നത്. തൃക്കാക്കര എൻജിനിയറിംഗ് കോളേജിൽ നിന്ന് ബിരുദവും കോഴിക്കോട് ഐ.ഐ.എമ്മിൽ നിന്ന് പി.ജിയുമെടുത്തിട്ടുണ്ട് അരുൺ.

ശിവശങ്കറുമൊത്ത് വിദേശയാത്രകൾ

2018 ആഗസ്റ്റിലും ഒക്ടോബറിലും ശിവശങ്കറുമൊത്ത് അരുൺ വിദേശയാത്ര നടത്തിയിട്ടുണ്ട്. ഐ.ടി കമ്പനികളെ ആകർഷിക്കാൻ അമേരിക്കയിലേക്കായിരുന്നു ആഗസ്റ്റിലെ യാത്ര. ഐ.ടി എക്സ്‌പോയിൽ പങ്കെടുക്കാൻ ദുബായിലേക്കായിരുന്നു അടുത്തത്. സർക്കാർ ഉത്തരവോടെയായിരുന്നു ഈ യാത്രകൾ.

അരുൺ ബാലചന്ദ്രനെ പുറത്താക്കി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് ഫ്ലാറ്റ് ബുക്ക് ചെയ്യാൻ സഹായിച്ചതിന് അരുൺ ബാലചന്ദ്രനെ ഐടി വകുപ്പിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുൺ നിലവിൽ ഐടി പാർക്കുകളുടെ ചുമതലയോടെ ഡയറക്ടർ മാർക്കറ്റിംഗ് പദവിയിൽ ടെക്നോപാർക്കിൽ പ്രവർത്തിക്കുകയായിരുന്നു. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം അരുണാണ് സ്വപ്നയുടെ ഭർത്താവിന്റെ പേരിൽ ഫ്ലാറ്റെടെത്ത് നൽകിയത്. അരുണിനെതിരായ നടപടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.