മംഗളൂരു; മംഗളൂരു ബാജിൽകേരിയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ ഗുണ്ടാസംഘങ്ങൾ മാരകായുധങ്ങളുമായി ഏറ്റുമുട്ടി. സംഘട്ടനത്തിൽ നാലുപേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലുംപെട്ട 11 പേരെ മംഗളൂരു നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.ഗുണ്ടാതലവൻമാരായ അബ്ദുൽ റാഷിദിന്റെയും അജയ്പ്രസാദിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. അബ്ദുൽറാഷിദും സംഘവും ബാജിൽകേരിയിലേക്ക് വരുന്നതിനെ അജയ് പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം എതിർത്തിരുന്നു. ഇതിന്റെ പേരിൽ രണ്ട് സംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു. റാഷിദും സംഘവും കഴിഞ്ഞ ദിവസം അർദ്ധരാത്രി ബാജിൽകേരിയിലെത്തി അജയിനെയും സംഘത്തെയും വെല്ലുവിളിച്ചതോടെയാണ് സംഘർഷമുണ്ടായത്. മാരകായുധങ്ങളുമായുള്ള ഏറ്റുമുട്ടലിൽ അബ്ദുൾ റാഷിദ്, അജയ് പ്രസാദ്, വിജയ് പ്രസാദ്, ഗുരുരാജ് എന്നിവർക്ക് പരുക്കേറ്റു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തുകയും ലാത്തിവീശുകയും ചെയ്തതോടെ സംഘം പിന്തിരിഞ്ഞു. ക്രമസമാധാനലംഘനമുണ്ടാക്കിയതിന് രണ്ട് സംഘങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തു. തുടരന്വേഷണത്തിൽ 11 പേർ പൊലീസ് പിടിയിലായി.അബ്ദുൾ റാഷിദ്, മുഹമ്മദ് ഹാമിസ്, ജിയാദ് അയ്യൂബ്, മുഹമ്മദ് ആഷിക്, മുഹമ്മദ് ഇമ്രാൻ, സഫ്വാൻ, മുഹമ്മദ് നവാസ്, നവാസ് ഷെരീഫ് അജയ് പ്രസാദ്, വിജയ് പ്രസാദ്, ഗുരുരാജ് എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ഒളിവിലാണ്.