തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് റോഡിൽ കൗതുകമുണർത്തി ഐ.എസ്.ആർ.ഒയിലേക്കുള്ള കൂറ്റൻ യന്ത്രവുമായി എത്തിയ വാഹനം. 70 ടൺ ഭാരമുള്ള ഭീമാകാരമായ യന്ത്രവും വഹിച്ച് വലിയ ട്രക്കിലാണ് യാത്ര. റോഡിലൂടെ വലിയ ശബ്ദമുണ്ടാക്കി നിരങ്ങി നീങ്ങുന്ന വാഹനം കാണാൻ പൊലീസ് നിയന്ത്രണവും ലംഘിച്ചാണ് ജനം റോഡിലേക്ക് പാഞ്ഞെത്തിയത്. ഒരു ദിവസം കഷ്ടിച്ച് അഞ്ചുകിലോമീറ്ററാണിത് നീങ്ങുക. 44 ചക്രങ്ങളുള്ള ട്രക്കിൽ കയറ്റിവച്ചിരിക്കുന്ന യന്ത്രത്തിന് 7.5 മീറ്റർ ഉയരവും 6.65 മീറ്റർ വീതിയുമുണ്ട്. റോഡ് നിറഞ്ഞാണ് വാഹനത്തിന്റെ യാത്ര. അതുകൊണ്ട് തന്നെ ഇതിനെ മറികടക്കാൻ മറ്റ് വാഹനങ്ങൾക്ക് പ്രയാസമാണ്. റോഡിന് കുറുകെ നിൽക്കുന്ന വൈദ്യുതി കമ്പികളും മറ്റും ഉയർത്തിയും ചിലയിടങ്ങളിൽ അഴിച്ചുമാറ്റിയുമൊക്കെയാണ് യന്ത്രവും കയറ്റിയുള്ള പോക്ക്. സൗകര്യമൊരുക്കാൻ വാഹനത്തിനൊപ്പം 32 ജീവനക്കാരുമുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ നാസിക്കിൽ നിന്നാണ് വാഹനം പുറപ്പെട്ടത്. ഇൗ മാസം അവസാനത്തോടെ വാഹനം തിരുവനന്തപുരത്തെ കേന്ദ്രത്തിലെത്തും.
വരുന്നത് എയ്റോ സ്‌പേസ് ഒാട്ടോക്ളേവ് യന്ത്രം
ഉപഗ്രഹങ്ങളിലും പി.എസ്.എൽ.വി റോക്കറ്റിലും മറ്റും കാമറയും ഉപകരണങ്ങളും പിടിപ്പിക്കുന്നതിനുള്ള തീരെ ഭാരമില്ലാത്തതും അതേസമയം വളരെയേറെ താപപ്രതിരോധ ശേഷിയുമുള്ള കവചങ്ങളും മറ്റും നിർമ്മിക്കുന്നതിനുള്ള ഫൈബർ പ്ളേറ്റുകൾ വികസിപ്പിക്കുന്നതിനാണ് ഈ യന്ത്രം ഉപയോഗിക്കുന്നത്. ഐ.എസ്.ആർ.ഒയുടെ വട്ടിയൂർക്കാവിലെ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റിലാണിത് സ്ഥാപിക്കുക. നിലവിൽ ഇത്തരത്തിലുള്ള യന്ത്രങ്ങൾ ഇവിടെയുണ്ട്. അതിന്റെ ഉത്പാദനശേഷി കൂട്ടാനും കൂടുതൽ വലിപ്പമേറിയ ഉപകരണങ്ങൾ നിർമ്മിക്കാനുമാണ് പുതിയ യന്ത്രം കൊണ്ടുവരുന്നത്.