ശിവഗിരി: കർക്കിടകവാവ് ബലിതർപ്പണത്തിന് ശിവഗിരി മഠത്തിൽ നിന്ന് ഓൺലൈൻ വഴി ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കുന്നു.

ശ്രീനാരായണ ധർമ്മത്തിൽ ഗൃഹസ്ഥാശ്രമികൾ അനുഷ്ടിക്കേണ്ട പഞ്ചമഹായജ്ഞങ്ങളെക്കുറിച്ച് ഗുരുദേവൻ പ്രതിപാദിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പിതൃയജ്ഞം. അരുവിപ്പുറത്തും ആലുവ അദ്വൈതാശ്രമത്തിലും ശിവഗിരി മഠത്തിലും മറ്റ് അനുബന്ധസ്ഥാപനങ്ങളിലും പിതൃതർപ്പണത്തിന് വലിയ പ്രാധാന്യമുണ്ട്. കൊവിഡ് ഭീഷണി മൂലം ഇക്കൊല്ലം ക്ഷേത്രങ്ങളിലും കടൽതീരങ്ങളിലും നദീതീരങ്ങളിലും ആശ്രമങ്ങളിലും ബലിതർപ്പണം ബുദ്ധിമുട്ടായതിനാലാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.

ശിവഗിരി മഠത്തിന്റെ ഔദ്യോഗിക യു ട്യൂബ് ചാനലായ ശിവഗിരി ടിവിയിൽ 20 ന് രാവിലെ 7.30ന് ശിവഗിരിമഠത്തിലെ ഗുരുസന്നിധിയിൽ സന്യാസിശ്രേഷ്ഠരുടെ നേതൃത്വത്തിൽ മഠം തന്ത്രി നാരായണപ്രസാദ് ലൈവായി മന്ത്രങ്ങൾ ചൊല്ലിക്കൊടുക്കും. ഭക്തജനങ്ങൾ വീടുകളിലും മറ്റും തയ്യാറാക്കി വച്ചിട്ടുളള സാമഗ്രികളെടുത്ത് തന്ത്രിയുടെ നിർദ്ദേശാനുസരണം ക്രിയകൾ ചെയ്യേണ്ടതാണ്. ബലിസാമഗ്രികളുടെ ലിസ്റ്റും മറ്റു നിർദ്ദേശങ്ങളും ശിവഗിരി ടിവിയിൽ (യു ട്യൂബിൽ) കൊടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ശിവഗിരി മഠത്തിലെ 9447271648, 9400475545 ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.