padmanabha-swami-temple

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് വേണ്ടി സംസ്ഥാന സർക്കാർ ചെലവാക്കിയ 11.70 കോടി രൂപ സുപ്രീംകോടതി വിധി പ്രകാരം തിരിച്ചു നൽകേണ്ടി വന്നാൽ ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും.

ഒന്നേമുക്കാൽ ലക്ഷം കോടിയിലേറെ രൂപയുടെ അമൂല്യ വസ്തുക്കളുടെ സുരക്ഷ തുടരണമെന്നും അതിനുള്ള തുകയും ക്ഷേത്രം വഹിക്കണമെന്നും നടവരവ് ശമ്പളത്തിന് ഉപയോഗിക്കരുതെന്നും ശമ്പളത്തിനുള്ള വഴി ടെമ്പിൾ ട്രസ്റ്ര് കണ്ടെത്തണമെന്നും സുപ്രീകോടതി നിർദ്ദേശമുണ്ട്. മുന്നൂറിലേറെ പൊലീസുകാരാണ് ക്ഷേത്ര സുരക്ഷയ്‌ക്കുള്ളത്. അവരുടെ ചെലവ് വഹിക്കണം. കൊവിഡ് കാലത്ത് വരുമാനം കുറഞ്ഞതോടെ സ്ഥിര നിക്ഷേപം എടുത്താണ് ശമ്പളം കൊടുക്കുന്നത്. ആഗസ്റ്റിലെ ശമ്പളത്തിന് ബുദ്ധിമുട്ടാകുമെന്നാണ് കണക്കുകൂട്ടൽ.

2014ൽ ക്ഷേത്ര ഭരണം ഐ.എ.എസുകാരനായ എക്സിക്യൂട്ടീവ് ഓഫീസർ ഏറ്റെടുക്കുമ്പോൾ 5 ലക്ഷം രൂപയായിരുന്നു കടം. നിലവറകളിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുത്തപ്പോടെ ഭക്തരുടെ വരവും വരുമാനവും വർദ്ധിച്ചിരുന്നു.

അതോടെ അക്കൊല്ലം ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചു. 2017 മുതൽ മൂന്ന് വർഷത്തെ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കി. അതിന് 5.5 കോടി ചെലവായി. ശമ്പളം കൂടിയതോടെ വരവും ചെലവും ഏതാണ്ട് തുല്യമായി.

സർക്കാരിന് നൽകാനുള്ള 11.70 കോടി കൂടാതെ മാസം രണ്ടര കോടിയോളം രൂപ സുരക്ഷയ്ക്കായി കണ്ടെത്തണം. ശമ്പളത്തിന് മാസം ഒരു കോടി വേണം. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകാൻ 50 ലക്ഷവും. എസ്റ്രാബ്ലിഷ്‌മെന്റ് ചെലവ് 15 ലക്ഷം. നിത്യപൂജയ്ക്കും മറ്രുമായി 30 ലക്ഷം.

വർഷം 20 കോടിയോളമാണ് വരുമാനം. മാസം ശരാശരി ഒന്നര കോടി. ചില മാസങ്ങളിൽ വർദ്ധിക്കും. ലോക്ക് ഡൗണിൽ വരുമാനം നിലച്ചു. മാർച്ച് 21 മുതൽ ദർശനം ഇല്ല. ഇപ്പോൾ ഓൺലൈൻ വഴിപാടും മറ്റുമായി പരമാവധി മാസ വരുമാനം എട്ട് ലക്ഷത്തോളം രൂപ മാത്രം.

എട്ടുകോടി രൂപയുടെ നിർമ്മാണം

സുപ്രീംകോടതി നിർദ്ദേശ പ്രകാരം ശ്രീകോവിലിലും മറ്രുമുള്ള നിർമ്മാണങ്ങൾക്കായി എട്ട് കോടിയും മറ്റ് നിർമ്മാണങ്ങൾക്ക് അരക്കോടിയും ചെലവിട്ടു. രാജുകുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്ര് ആണ് ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത്. അവ‌ർ നൽകുന്നത് പ്രതിവർഷം 20 ലക്ഷം രൂപ മാത്രം. കല്യാണ മണ്ഡപങ്ങളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമാണ് ട്രസ്റ്രിന്റെ വരുമാനം.

സർക്കാരിന് കൊടുക്കാനുള്ളത്

അമൂല്യ വസ്തുക്കളുടെ ഡിജിറ്രൽ ആർക്കൈവിംഗ് 6 കോടിയിലേറെ

വിദഗ്ദ്ധ സമിതി ചെലവ് 1. 70 കോടി

നിലവറ ശക്തിപ്പെടുത്തൽ 1.22 കോടി

പദ്മതീർത്ഥം - ഒരു കോടി

മിത്രാനന്ദപുരം കുളം- ഒരു കോടി

കേന്ദ്ര ഓഡിറ്ര് 48 ലക്ഷം

ആകെ 11 കോടി 70ലക്ഷം

'' സുപ്രീംകോടതി വിധി വന്നിട്ടേയുള്ളൂ. പൂർണമായും അത് പഠിച്ച് വിശകലനം ചെയ്ത ശേഷമേ സർക്കാരിന് ചെലവായ 11 കോടി രൂപ തിരിച്ചുവാങ്ങുന്നതിലുൾപ്പെടെ തീരുമാനമെടുക്കൂ''.

--കടകംപള്ളി സുരേന്ദ്രൻ

ദേവസ്വം മന്ത്രി