co

തിരുവനന്തപുരം: വരും ദിവസങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ജില്ലകളിൽ എന്തിനും തയ്യാറായിരിക്കാൻ കളക്ടർമാർക്ക് മന്ത്രിസഭായോഗം നിർദ്ദേശം നൽകി. ആഗസ്റ്റിൽ രോഗവ്യാപനം ഏറ്റവും ഉയർന്ന നിലയിൽ എത്താമെന്നത് കണക്കിലെടുത്താണിത്. ജില്ലകളിൽ 5000 കിടക്കകൾ വരെയുള്ള ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങൾ സജ്ജമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കളക്ടർമാരെ സഹായിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഇന്നലെ മന്ത്രിസഭായോഗം ഏറെയും ചർച്ച ചെയ്തത് കൊവിഡ് പ്രതിരോധമാണ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സമരങ്ങളും സമരക്കാരെ പൊലീസിന് കൈകാര്യം ചെയ്യേണ്ടി വരുന്നതും വെല്ലുവിളിയാണ്. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചുള്ള സമരങ്ങൾ ഹൈക്കോടതി വിലക്കിയ സാഹചര്യത്തിൽ, കളക്ടർമാർക്ക് ഇതിനെ നേരിടാൻ യുക്തമായ നടപടി കൈക്കൊള്ളാം. പകർച്ചവ്യാധി നിയമം പ്രയോഗിക്കാനാണ് അനുമതി. ഹൈക്കോടതി വിധി മാനിക്കണം.

രോഗവ്യാപനം കൂടുമ്പോൾ പ്രതിരോധവും ജാഗ്രതയും ശക്തിപ്പെടുത്താനാണ് ഹൈക്കോടതി വിധി. വിധി ആർക്കെങ്കിലും എതിരോ അനുകൂലമോ അല്ല. നാട് കൂടുതൽ ആപത്തിലേക്ക് നീങ്ങാതിരിക്കാനാണ്. അത് അംഗീകരിക്കണം. വിധി നടപ്പാക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്.

രോഗവ്യാപനം കൈവിട്ടുപോയെന്ന് പറയാനാവില്ല. നമുക്ക് കൈകാര്യം ചെയ്യാനാവാത്ത എണ്ണത്തിലേക്ക് കുതിച്ചുയർന്നിട്ടില്ല. വമ്പിച്ച വ്യാപനമുണ്ടാകുമ്പോഴാണ് കൈവിട്ട് പോകുന്നുവെന്ന് സംശയിക്കേണ്ടത്. ഇപ്പോൾ സൂപ്പർ സ്‌പ്രെഡ് ഉണ്ട്. അത് ക്ലസ്റ്ററുകളായാണ്. അടുത്തത് സമൂഹവ്യാപനമാണ്. അത് തടയാനുള്ള പരമാവധി ജാഗ്രത പുലർത്തണം. നമുക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. സുരക്ഷാമാനദണ്ഡം പാലിക്കാൻ എല്ലാവരും സഹകരിച്ചാൽ വിജയിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.