കോന്നി : കാട്ടുപൂച്ചയുടെ ഇറച്ചിയുമായി നാലുപേരെ വനപാലകർ അറസ്റ്റുചെയ്തു. കോന്നി ചിറ്റൂർമുക്ക് പത്തിയത്ത് വീട്ടിൽ ബിജു, തയ്യിൽ കുഞ്ഞുമോൻ, പാറപ്പള്ളിൽ വിനീഷ് വിജയൻ ,റാന്നി ഉതിമൂട് സ്വദേശി ജോസ് എന്നിവരെയാണ് കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സലിൻ ജോസ്, കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്.സനോജ്, ഫോറസ്റ്റ് സെക്ഷൻ ഓഫീസർമാരായ ജിജോ വർഗീസ്, ഡി.വിനോദ് , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.പ്രവീൺ, വി.വിനോദ് ,എസ്.ശരത്, പി.കെ. ബൈജു, ബി.സജിനി, രാഖി എസ് രാജൻ, വി.താര എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
ഉതിമൂട് പുത്തൻപറമ്പിൽ ബാബുവിന്റെ പുരയിടത്തിൽ കെണി ഒരുക്കി കാട്ടുപൂച്ചയെ പിടികൂടി കൊലപ്പെടുത്തി കോന്നിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ റേഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചിറ്റൂർമുക്കിലെ ബിജുവിന്റെ വീട്ടിൽ പരിശോധന നടത്തി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന രണ്ടര കിലയോളം വരുന്ന ഇറച്ചി കണ്ടെടുക്കുകയായിരുന്നു. തുടർന്ന് മറ്റുള്ളവരെയും പിടികൂടി.തിങ്കളാഴ്ച വൈകിട്ട് ഉതിമൂട്ടിൽ നിന്ന് കൊണ്ടുവന്ന കാട്ടുപൂച്ചയെ ഇവർ ചിറ്റൂർ കടവിലെ പുൽ കാട്ടിൽ വച്ച് അറുത്ത് ഇറച്ചിയാക്കി പാകം ചെയ്തു കഴിക്കുകയും ബാക്കി ബിജുവിന്റെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയുമായിരുന്നു. ബാബുവിന്റെ വീടിന്റെ ടെറസിൽ നിന്ന് കെണി കണ്ടെടുത്തു.കേസിൽ മൂന്ന് പ്രതികൾ കൂടിയുള്ളതായി വനപാലകർ പറഞ്ഞു. പിടിയിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.