secreatariate-

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസർവീസ് രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എൻജിനിയറിംഗ്, നഗര ഗ്രാമാസൂത്രണം എന്നീ വകുപ്പുകൾ ഏകീകരിച്ചാണിത്. ലോക്കൽ ഗവൺമെന്റ് കമ്മിഷൻ സമർപ്പിച്ച കരട് ചട്ടങ്ങളും പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടും പരിഗണിച്ചാണ് ഏകീകരണം. അഞ്ച് വ്യത്യസ്ത വകുപ്പുകൾ പരസ്പരം ബന്ധപ്പെടാതെ നിൽക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തടസമാകുന്നുണ്ട്. ഇത് പരിഹരിക്കാനാണ് പൊതുസർവീസ്.

ഏകീകൃത വകുപ്പിന്റെ പേര് 'തദ്ദേശസ്വയംഭരണ വകുപ്പ്' എന്നും വകുപ്പ് തലവന്റെ പേര് 'പ്രിൻസിപ്പൽ ഡയറക്ടർ' എന്നുമായിരിക്കും. നിലവിലുള്ള ജീവനക്കാർക്ക് ദോഷം വരാതെയായിരിക്കും ഏകീകരണം.

നിലവിലുള്ള ഗ്രാവികസന കമ്മിഷണറേറ്റ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ് എന്നീ വകുപ്പുകൾ സംയോജിപ്പിച്ച് റൂറൽ, അർബൻ എന്നീ രണ്ടു വിംഗുകൾ രൂപീകരിക്കും. ഗ്രാമവികസന വകുപ്പ് കമ്മിഷണർ, പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ എന്നിവർക്ക് പകരം ഡയറക്ടർ എൽ.എസ്.ജി.ഡി (റൂറൽ), ഡയറക്ടർ എൽ.എസ്.ജി.ഡി (അർബൻ) എന്നീ തസ്തികകൾ നിലവിൽ വരും.