തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന ജോലി ചെയ്തിരുന്ന സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ കസ്റ്റംസ് ഇന്നലെ റെയ്ഡ് നടത്തി. ശിവശങ്കർ ചെയർമാനായ ഈ സ്ഥാപനത്തിന്റെ കീഴിലുള്ള സ്പേസ് പാർക്കിൽ പ്രോജക്ട് മാനേജരായിരുന്നു സ്വപ്ന.
സെക്രട്ടേറിയറ്റിനു സമീപത്തെ കെട്ടിടത്തിന്റെ ഏഴാം നിലയിലുള്ള ഓഫീസിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു മിന്നൽ റെയ്ഡ്. യാതൊരു മുന്നറിയിപ്പുമില്ലാതെ എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പൊടുന്നനെ ഓഫീസിൽ കയറി വാതിലുകൾ അടച്ചു. സ്വപ്നയുടെ നിയമന രേഖകളും ഓഫീസിലെ സി.സി ടിവി ദൃശ്യങ്ങളും ഹാർഡ് ഡിസ്കും പിടിച്ചെടുത്തു. സ്വർണക്കടത്ത് കേസ് പ്രതികളായ സരിത്തും സന്ദീപും അടക്കമുള്ളവർ എത്തിയിരുന്നോയെന്നാണ് മുഖ്യമായും പരിശോധിക്കുന്നത്. ഈ ഓഫീസിലും സ്വർണക്കടത്തിന്റെ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും. സ്വപ്നയുടെ നിയമനത്തിൽ അപാകതയുണ്ടെന്ന പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇതേസമയത്തു തന്നെ സെക്രട്ടേറിയറ്റ് കന്റോൺമെന്റ് ഗേറ്റിന് സമീപം നബാർഡിന് എതിർവശത്തുള്ള ഹെദർ ടവറിലെ ശിവശങ്കറിന്റെ ഫ്ളാറ്റിൽ എൻ.ഐ.എയും കസ്റ്റംസും സംയുക്ത തെരച്ചിൽ നടത്തി. സ്വപ്നയുടെ ഫ്ലാറ്റും ഇതിനടുത്തായാണ്. ശിവശങ്കറിന്റെ ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ സ്വപ്നയുടെ കൈവശമുണ്ടായിരുന്നെന്നും സ്വപ്നയും സരിത്തും സന്ദീപും ഫ്ലാറ്റിൽ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയെന്നുമാണ് കസ്റ്റംസ് കണ്ടെത്തൽ. വിമാനത്താവളത്തിൽ നിന്ന് ശേഖരിക്കുന്ന സ്വർണമടങ്ങിയ കാർഗോ ഇവിടെ സൂക്ഷിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ജൂലായ് ആറിന് വൈകിട്ടാണ് ശിവശങ്കർ അവസാനമായി ഫ്ളാറ്റിൽ എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച കസ്റ്റംസ് ഫ്ളാറ്റിൽ റെയ്ഡ് നടത്തി സന്ദർശക രജിസ്റ്ററും കാമറ ദൃശ്യങ്ങളും ശേഖരിച്ചിരുന്നു.