തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഇനി കൊവിഡ് ഉപദേശകനും. ആരോഗ്യവകുപ്പ് മുൻ അഡിഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെയാണ് പുതിയ ഉപദേശകനായി നിയമിച്ചത്. ഇന്നലെ മുതൽ മൂന്ന് മാസത്തേക്കാണ് നിയമനം. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് രാജീവ് സദാനന്ദന്റെ സേവനം സർക്കാർ തേടുന്നത്.
ചീഫ്സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ എന്നിവരുമായി ചേർന്നാകും അദ്ദേഹത്തിന്റെ പ്രവർത്തനം. യാത്രകൾക്കായി സർക്കാർ വാഹനം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രതിഫലം നൽകുമോയെന്ന കാര്യം ചീഫ്സെക്രട്ടറിയുടെ ഇതുസംബന്ധിച്ച ഉത്തരവിൽ പറഞ്ഞിട്ടില്ല.
രാജീവ് സദാനന്ദൻ ടാറ്റാ ട്രസ്റ്റിന് കീഴിലെ ഹെൽത്ത് സിസ്റ്റംസ് ട്രാൻസ്‌ഫോർമേഷൻ പ്ലാറ്റ്ഫോം സി.ഇ.ഒ ആയി പ്രവർത്തിക്കുകയായിരുന്നു. സ്‌പ്രിൻക്ലർ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ സമിതിയിലും അംഗമാണ്.