cheating

പേരൂർക്കട: തട്ടിപ്പുകേസിൽ പേരൂർക്കട പൊലീസ് അറസ്റ്റുചെയ്‌ത നമ്പവൻകാവ് സ്വദേശിയും കൊടുങ്ങാനൂർ കുലശേഖരം ഭാഗത്ത് വിശാഖം വീട്ടിൽ വാടകയ്ക്കു താമസിച്ചുവന്നയാളുമായ വിജയൻ (55) റിമാൻഡിൽ. കല്ലിയൂർ സ്വദേശി അനിലിന്റെ (30) പക്കൽ നിന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് പിടിയിലായത്. കവർന്ന പണം പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.

വഞ്ചിയൂർ, തമ്പാനൂർ, മെഡിക്കൽകോളേജ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ തട്ടിപ്പു കേസുകളുണ്ട്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന പ്രതി തട്ടിപ്പ് സ്ഥിരമാക്കിയതോടെ ജോലി മതിയാക്കി. നഗരത്തിലെ സർക്കാർ ആശുപത്രികളായിരുന്നു ഇയാൾ ലക്ഷ്യം വച്ചിരുന്നത്. ഇവിടെ പ്രസവത്തിനെത്തുന്ന സ്ത്രീകളുടെ ഭർത്താക്കന്മാരെ കരുവാക്കിയാണ് മോഷണം നടത്തിയിരുന്നത്. സാമ്പത്തിക പ്രശ്നം അനുഭവിക്കുന്നവരെ വളരെയെളുപ്പം മനസിലാക്കി അവരുമായി പെട്ടെന്ന് സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നതായിരുന്നു ഇയാളുടെ രീതി. പേരൂർക്കട ഗവ. ആശുപത്രിയിൽ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടെത്തിയ അനിലിനെ ഇയാൾ വലയിലാക്കിയത് പുതിയ ഷർട്ടും പാന്റ്സും സമ്മാനമായി നൽകിയാണ്. സാമ്പത്തികമായി സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാൾ പലരെയും വലയിലാക്കുന്നത്. വിജയന് ഭാര്യയും ഒരു കുഞ്ഞുമുണ്ട്. വട്ടിയൂർക്കാവ് ഭാഗത്തു ബൈക്കിൽ സഞ്ചരിക്കെയാണ് ഇയാൾ പിടിയിലായത്. തമ്പാനൂരിൽ സമാനമായ ഒരു തട്ടിപ്പ് ഇയാൾ നടത്തിയെങ്കിലും പണം നഷ്ടപ്പെട്ടയാൾ ഇയാളെ തിരിച്ചറിഞ്ഞ് മൽപ്പിടിത്തത്തിലൂടെ പണം വീണ്ടെടുത്തിരുന്നു.