തിരുവനന്തപുരം: 'അവനവനത്തന്നെയും അതുവഴി സമൂഹത്തേയും രക്ഷിക്കുക" എന്നതാണ് തലസ്ഥാനത്തെ ഓരോ ആരോഗ്യ പ്രവർത്തകരുടെയും ഇപ്പോഴത്തെ പ്രാർത്ഥന. അത്തരത്തിൽ തലസ്ഥാനത്തെ കൊവിഡ് കീഴടക്കിയിരിക്കുന്നു. രണ്ടു ദിവസം ആകെ റിപ്പോർട്ട് ചെയ്ത 358 കേസുകളിൽ 311ഉം സമ്പർക്കത്തിലൂടെയും ഉറവിടം വ്യക്തമല്ലാതെയുമാണ്.
സാഹചര്യം അനുകൂലമാക്കാൻ ജനങ്ങൾ ഒപ്പമുണ്ടാകണമെന്ന് മുഖ്യമന്ത്രിയും ആവർത്തിക്കുന്നു. ആരിൽ നിന്നും രോഗം പകരാം എന്ന വസ്തുത മുന്നിൽക്കണ്ട് മുൻകരുതൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ആരായാലും രണ്ടുമീറ്റർ അകലം ഉറപ്പക്കാണം. കണ്ടെയ്ൻമെന്റ് സോണുകളായ പാറശാല, പുന്തൂറ, പുത്തൻപ്പള്ളി, വള്ളക്കടവ്, പുല്ലുവിള മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ രോഗ വ്യാപനം കൂടുതലായിരുന്നത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 85 ശതമാനം പേരും തീരദേശത്തുള്ളവരാണ്. രണ്ടു ദിവസമായി 80 കേസുകളാണ് പൂന്തുറയിൽ മാത്രം റിപ്പോർട്ട് ചെയ്‌തത്.
കഴിഞ്ഞ ദിവസം 12 രോഗികൾ മാത്രമുണ്ടായിരുന്ന പുല്ലുവിളയിലും പാറശാലയിലും ഇന്നലെ മാത്രം പോസ്റ്റീവായത് 20 പേർക്കാണ്.
പ്രായപരിധി വ്യത്യാസമില്ലാതെ എല്ലാവരിലും രോഗം സ്ഥിരീകരിക്കുകയാണ്. ഡെങ്കിപ്പനി പോലെയുള്ള പകർച്ചവ്യാധികളും തലസ്ഥാനത്തിന് ഭീഷണിയാവുകയാണ്. ജില്ലയിൽ ഇതുവരെ 32 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 15 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
ഗ്രീൻഫീൽഡിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ
തലസ്ഥാനത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കാര്യവട്ടം ഗ്രീൻഫീൾഡ് സ്റ്റേഡിയവും അതിനോടനുബന്ധിച്ചുള്ള കോംപ്ലക്സും ഇന്റർനാഷണൽ കൺവെൻഷൻ സെന്ററും ഏറ്രെടുത്ത് ഫസ്റ്റ് ലെെൻ ട്രീറ്റ് മെന്റർ സജ്ജമാക്കും. 500 മുതൽ 750 വരെ രോഗികളെ ഒരേസമയം പ്രവേശിപ്പിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്. ഇവിടെ സ്രവം ശേഖരിക്കാനുള്ള സൗകര്യവുമൊരുക്കും.
ക്വറന്റൈൻ ലംഘനത്തിന് കേസ്
നഗരത്തിൽ ക്വാറന്റൈൻ ലംഘിച്ച ഒരാൾക്കെതിരെ ഇന്നലെ കേസെടുത്തു. ബംഗളൂരുവിൽ നിന്ന് കൈതമുക്കിലെ വീട്ടിൽ ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 55കാരനെതിരെയാണ് കേസെടുത്തത്. ദിവസവുമുള്ള നിരീക്ഷണത്തിന്റെ ഭാഗമായി വഞ്ചിയൂർ പൊലീസ് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്. ആശുപത്രിയിൽ പോകുകയാണെന്ന് പറഞ്ഞാണ് ഇയാൾ പുറത്ത് പോയത്. തുടർന്ന് പകർച്ചവ്യാധി നിയമ പ്രകാരവും കേരള പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരവും കേസെടുത്തു. ഇതുൾപ്പെടെ തലസ്ഥാനത്ത് 18 പേർക്കെതിരെയാണ് കേസെടുത്തത്. അതേസമയം നഗരത്തിലെ പുതിയ കണ്ടയ്ൻമെന്റ്‌സോണുകളായ വെങ്ങാനൂർ, കോട്ടപ്പുറം, വിഴിഞ്ഞം, ഹാർബർ, വെള്ളാർ, തിരുവല്ലം വാർഡുകളിലേക്ക് വരുന്ന എല്ലാ വഴികളും അടച്ചെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ വ്യക്തമാക്കി.
കണക്കുകൾ പേടിപ്പിക്കുന്നത്
രണ്ടു ദിവസത്തുനുള്ളിൽ രോഗം സ്ഥിരീകരിച്ചത്- 358
സമ്പർക്ക രോഗികൾ- 311
പൂന്തുറയിലെ രോഗികൾ- 80
വിലക്ക് ലംഘിച്ചതിന് എടുത്ത കേസ്- 50
മാസ്‌ക് ധരിക്കാത്ത കേസുകൾ- 88
ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്- 32
പരിശോധനാഫലം ലഭിക്കാനുള്ളത്- 15