karyavattom

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും ചേർന്നുള്ള കോംപ്ലക്സിലും ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള സെന്ററാണ് തയ്യാറാക്കുന്നത്. 750 പേരെ വരെ ഒരേസമയം ഉൾക്കൊള്ളാനാകും.

ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനയെ തുടർന്ന് അടയന്തര പരിഹാരമായാണ് ഗ്രീൻഫീൽഡിൽ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജമാക്കുന്നത്. എറണാകുളം ആർസലക്സ് കൺവെൻഷൻ സെന്ററിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും സമാനമായ സൗകര്യങ്ങളൊരുക്കും.

ജില്ലയിൽ കൂടുതൽ സമ്പർക്ക രോഗികളുള്ളത് മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി എന്നിവിടങ്ങളിലാണ്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 157 പേരിൽ 130 ഉം സമ്പർക്കത്തിലൂടെയാണ്. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായി.

രോഗികൾ വർദ്ധിക്കുന്നതിനാൽ പൂന്തുറ സെന്റ് തോമസ് സ്‌കൂളിൽ താത്കാലിക ആശുപത്രി സജ്ജമാക്കി. ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യാനുള്ള സാദ്ധ്യതയും ആശങ്കയും പടർത്തുകയാണ്. ജില്ലയിൽ ഇതുവരെ 32 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.15 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

ജില്ലയിലെ കൊവിഡ് കണക്കുകൾ

 ഇന്നലെ രോഗം സ്ഥിരീകരിച്ചത്- 157

 സമ്പർക്ക രോഗികൾ- 130

 ഉറവിടം വ്യക്തമാകാത്തവ- 7

 രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകർ- 5

 ഡെങ്കിപ്പനി സ്ഥിരീകരിച്ചവർ- 32

 ലഭിക്കാനുള്ള പരിശോധനാ ഫലം- 15