തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒമ്പതര മണിക്കൂർ മാരത്തോൺ ചോദ്യംചെയ്യലിനിടെ,പിടിച്ചെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ മൊബൈൽഫോണിൽ നിർണായക തെളിവുകളുണ്ടെന്ന് കസ്റ്റംസ്. ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരുന്നപ്പോഴായിരുന്നു ഫോൺപിടിച്ചെടുത്തതെന്നാണ് സൂചന.
മറ്റേതെങ്കിലും സിംകാർഡ് ഉപയോഗിച്ചിട്ടുണ്ടോ, ഇതിൽ നിന്നുള്ള വാട്സ് ആപ് വിളികളുടെ വിവരങ്ങൾ എന്നിവയെല്ലാം കണ്ടെത്താൻ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഫോണിൽ നിന്ന് മായ്ചു കളഞ്ഞ വിവരങ്ങൾ ഫോറൻസിക് പരിശോധനയിലൂടെ കണ്ടെത്താനാവും.
സ്വർണക്കടത്ത് കേസിലെ പ്രതികൾ ശിവശങ്കറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കാൾ റെക്കാഡുകൾ പരിശോധിച്ച് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
ഒന്നാം പ്രതി സരിത്തും ശിവശങ്കറുമായി ഏപ്രിൽ 20മുതൽ ജൂൺ ഒന്നുവരെ നടത്തിയ ഫോൺവിളികളുടെ വിവരങ്ങളാണ് പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഔദ്യോഗികനമ്പറായ 9847797000 എന്ന നമ്പറിൽ ഇക്കാലയളവിൽ ഇരുവരും തമ്മിൽ അർദ്ധരാത്രിയിലുൾപ്പെടെ 14 വിളികളുണ്ടായി. 755 സെക്കൻഡ് നീളുന്ന വിളികളുമുണ്ട്. ഒരു ദിവസം അഞ്ചു തവണ വരെ ഇരുവരും ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഈ ദിവസം കാർഗോ എത്തിയിരുന്നോയെന്ന് കസ്റ്റംസ് അന്വേഷിക്കുകയാണ്. സ്വപ്നയെ ജൂൺ 25ന് ഒരുതവണ മാത്രമാണ് ശിവശങ്കർ വിളിച്ചിട്ടുള്ളത്.
സ്വർണക്കടത്തിൽ ശിവശങ്കറിന് നേരിട്ട് ബന്ധമുള്ളതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. ശക്തമായ നടപടികൾക്ക് മുന്നോടിയായി കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് കസ്റ്റംസ് കമ്മിഷണർ സുമിത്കുമാർ നിർദ്ദേശം നൽകിയിരുന്നു.