pi

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ മുൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിനെതിരായ നടപടികൾ മന്ത്രിസഭായോഗം ചർച്ച ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

മന്ത്രിസഭായോഗത്തിന്റെ അജൻഡയായി ചർച്ച ചെയ്യേണ്ട വിഷയങ്ങളും അജൻഡയിൽ ഇല്ലാതിരുന്ന കൊവിഡ് പ്രതിരോധവും ചർച്ച ചെയ്തു. ചില നടപടികൾ എടുക്കുകയും ചെയ്‌തു.

ശിവശങ്കറിന്റെ സസ്പെൻഷൻ വൈകുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ,​ ആര് തെറ്റ് ചെയ്താലും കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. തെറ്റ് ചെയ്തെങ്കിൽ അന്വേഷണത്തിൽ കണ്ടെത്തട്ടെ. ഇക്കാര്യത്തിൽ അടഞ്ഞ മനസില്ല. അന്വേഷണഘട്ടമാണിപ്പോൾ.

ശിവശങ്കറിനെതിരെ അന്വേഷിക്കാൻ ചീഫ്സെക്രട്ടറിയെ ചുമതലപ്പെടുത്തിയത് പ്രഹസനമാണെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തെപ്പറ്റി ചോദിച്ചപ്പോൾ, ഒരുദ്യോഗസ്ഥൻ ചെയ്തത് ശരിയോ തെറ്റോ എന്ന് അന്വേഷിക്കേണ്ടത് സർക്കാർ തന്നെയാണെന്ന് മറുപടി നൽകി.ചീഫ്സെക്രട്ടറിയും ഒരു അഡിഷണൽ ചീഫ്സെക്രട്ടറിയും ചേർന്നാണ് അന്വേഷണം. അത് പ്രഹസനമല്ല.

കരാർ, കൺസൾട്ടൻസികളുടെ മറവിൽ പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷനേതാവ് നൽകിയ കത്തിന് വിശദമായി മറുപടി നൽകും.

ചീഫ്സെക്രട്ടറിയുടെ റിപ്പോർട്ട് ഉടൻ

ശിവശങ്കറിനെതിരായ ആക്ഷേപങ്ങൾ അന്വേഷിക്കുന്ന ചീഫ്സെക്രട്ടറിയുടെ സമിതിയുടെ റിപ്പോർട്ട് ഉടനെ ലഭിക്കും. സ്വർണ്ണക്കടത്ത് കേസിൽ പൊലീസിന്റെ അന്വേഷണം തീരുമാനിക്കാത്തതിനെ പറ്റി ചോദിച്ചപ്പോൾ ഇതിൽ പ്രത്യേക നിയമ പ്രകാരം കേന്ദ്രമാണ് അന്വേഷണം തീരുമാനിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീവ്രവാദബന്ധം ഉണ്ടോ എന്ന് എൻ.ഐ.എയും കള്ളക്കടത്തിന്റെ കാര്യങ്ങൾ കസ്റ്റംസുമാണ് അന്വേഷിക്കുന്നത്. സംസ്ഥാന പൊലീസിന് റോൾ ഇല്ല. ഇവിടെ പറ്റുന്നത് പൊലീസ് അന്വേഷിക്കും. സർട്ടിഫിക്കറ്റ് വിഷയത്തിൽ അതാണ് നടക്കുന്നത്.

കസ്റ്റംസും എൻ.ഐ.എയും നന്നായി അന്വേഷിക്കുന്നുണ്ട്. തെറ്റ് ചെയ്ത ആരും രക്ഷപ്പെടില്ല. തെറ്ര് ചെയ്തവരെല്ലാം അനുഭവിക്കും. ആരുടെ നേർക്കും അന്വേഷണം നടക്കട്ടെ.

മന്ത്രി ജലീലിനെ നയതന്ത്ര പ്രതിനിധി ഇങ്ങോട്ട് വിളിച്ചതാണ്. നയതന്ത്ര പ്രതിനിധിയിൽ നിന്ന് സഹായം മന്ത്രി വാങ്ങിയിട്ടില്ല. സഹായം ചെയ്തു കൊടുത്തിട്ടുണ്ടാകാം. അത് എന്താണെന്ന് നോക്കാം - മുഖ്യമന്ത്രി വ്യക്തമാക്കി.