kovalam
ജീവനക്കാർ പി.പി.ഇ കിറ്റുകൾ അണിഞ്ഞ് കപ്പലിലേയ്ക്ക് പോകുന്നു

ക്രൂചെയ്ഞ്ചിംഗിന് പിന്നാലെ പോർട്ടിന് വരുമാനമായി ലഭിച്ചത് 2 ലക്ഷം രൂപ

കൊച്ചിക്ക് പിന്നാലെ രണ്ടാമത്തെ ക്രൂ ചെയ്ഞ്ചിംഗ് സെന്ററായി വിഴിഞ്ഞം

കോവളം: വിഴിഞ്ഞത്തെ ആദ്യ ക്രൂ ചെയ്ഞ്ചിംഗ് നടത്തി കണ്ടെയ്‌നർ ഭീമനായ എവർഗ്ലോബ് വിഴിഞ്ഞത്ത് നിന്നു മടങ്ങി. 2.2 ലക്ഷം ടൺ ഭാരമുള്ള കണ്ടെയ്‌നർ വലിപ്പക്കൂടുതൽ കാരണം രാവിലെ ആറോടെ പുറം കടലിലാണ് നങ്കൂരമിട്ടത്. നടപടികൾ പൂ‌ർത്തിയാക്കി ഉച്ചക്ക് 1.30 ഓടെ തീരം വിട്ടു. നെതർലൻഡിൽ നിന്നു കൊളംബോ തുറമുഖത്തേക്ക് പോകുന്നതിനിടെയാണ് എവർഗ്ലോബ് എന്ന ചരക്ക് കപ്പൽ നിശ്ചിത യാത്ര കാലാവധി പൂർത്തിയാക്കിയ ജീവനക്കാരെ കരയ്ക്കിറക്കി പകരം ജീവനക്കാരെ കയറ്റാനായി വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു ക്രൂ ചെയ്ഞ്ചിംഗ്. പോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ ഓഫീസർ ഡോക്ടർ മലിനി, കസ്റ്റംസ് സൂപ്രണ്ട് ജയരാജ്, പോർട്ട് ക്യാപ്ടൻ ഹരി അച്ചുത് വാര്യർ, കൺസർവേറ്റർ കിരൺ, കോസ്റ്റൽ എസ്.ഐ ഷാനിബാസ്, വിഴിഞ്ഞം എസ്.ഐ സജി, ഇമിഗ്രേഷൻ, ഹെൽത്ത് ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധനകൾ പൂർത്തിയാക്കിയത്. വിഴിഞ്ഞം പോർട്ടിന് സ്വന്തമായി ടഗ്ഗില്ലാത്തതിനാൽ ജീവനക്കാരെ കരയ്‌ക്കെത്തിക്കാൻ മറൈൻ എൻഫോഴ്സ്‌മെന്റിന്റെ പട്രോൾ ബോട്ടാണ് ഉപയോഗിച്ചത്. 24 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ നിന്ന് 14 പേർ ഇറങ്ങുകയും പകരം 13 പേർ കയറുകയും ചെയ്‌തു. രണ്ട് മലയാളികളും യു.പി, തമിഴ്നാട്, പഞ്ചാബ് സ്വദേശികളുമാണ് വിഴിഞ്ഞത്തിറങ്ങിയത്. ഇവരെ കോവളത്തെ നിരീക്ഷണകേന്ദ്രത്തിലാക്കി. കാലാവധി പൂ‌ർത്തിയാക്കിയ ശേഷം ഇവർക്ക് നാട്ടിലേക്ക് മടങ്ങാം. നിരവധി ചരക്കു കപ്പലുകളും ഷിപ്പിംഗ് ഏജൻസികളും അനുമതി തേടി വിളിക്കുന്നുണ്ടെന്നെന്ന് പോർട്ട് അധികൃതർ പറഞ്ഞു.