anil

തിരുവനന്തപുരം: 2012ൽ ആറ്റിങ്ങലിൽ രജിസ്റ്റർ ചെയ്‌ത വാഹന തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയെ ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടി. എട്ട് വർഷമായി പൊലീസ് തെരയുന്ന മുരുക്കുംപുഴ മുല്ലശ്ശേരി അനിൽ ഹൗസിൽ മുരുക്കുംപുഴ അനിൽ എന്ന അനിൽ അലോഷ്യസാണ് (42) പിടിയിലായത്. വ്യാജ മേൽവിലാസത്തിൽ സംസ്ഥാനത്തിന് അകത്തും പുറത്തുമായി താമസിച്ചുവരികയായിരുന്നു ഇയാൾ. ബാങ്ക് മാനേജർ എന്ന വ്യാജേന പള്ളിപ്പുറം കണിയാപുരത്ത് കഴിയുമ്പോഴായിരുന്നു ഇയാളെ പിടികൂടിയത്. വാഹനം വാങ്ങുന്നവരുടെ ഫോട്ടോയും വ്യാജ തിരിച്ചറിയൽ രേഖകളും ചമച്ച് വാഹന ഫിനാൻസ് കമ്പനിയിൽ നിന്നും ലോൺ തരപ്പെടുത്തി വാഹനം വാങ്ങുന്ന പ്രതി തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ താത്കാലിക രജിസ്ട്രേഷൻ നടത്തി രേഖകൾ കൈവശം വാങ്ങി സെയിൽ ലെറ്ററും പർച്ചേസ് എഗ്രിമെന്റും വ്യാജമായി തയ്യാറാക്കും. ലോണിന്റെ വിവരങ്ങൾ (ഹൈപ്പോതിക്കേഷൻ) മറച്ചുവച്ച് ആറ്റിങ്ങൽ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നിന്നും വാഹനത്തിന്റെ രേഖകൾ ശേഖരിക്കും. ഇത്തരത്തിൽ സ്വന്തമാക്കിയ ഒമ്പത് വാഹനങ്ങൾ മറിച്ച് വിറ്റും പണയംവച്ചും ഫിനാൻസ് കമ്പനിയെ വൻ സാമ്പത്തിക തട്ടിപ്പിനിരയാക്കിയെന്നാണ് കേസ്. കമ്പനിയിലെ ജീവനക്കാരെ സ്വാധീനിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഇയാളുടെ സഹായികളായ നെയ്യാറ്റിൻകര വാഴിച്ചൽ സ്വദേശി സനോജ്, തിരുമല മുടവൻമുകൾ സ്വദേശി പ്രകാശ്, പുല്ലൂർമുക്ക് സ്വദേശി റീജു, കല്ലമ്പലം കുടവൂർ നാദിർഷാ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. സി.ഐ വി.വി. ദിപിൻ, സബ് ഇൻസ്പെക്ടർമാരായ എസ്. സനൂജ്, ഫിറോസ് ഖാൻ, എ.എച്ച്. ബിജു, എ.എസ്.ഐമാരായ ബി. ദിലീപ്, ആർ. ബിജുകുമാർ, എസ്. ജയൻ, സിയാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.