enterprises
പ്രവർത്തനം നിലച്ച എന്റർപ്രൈസസ് ഡെവലപ്പ്മെന്റ് സെന്റർ

ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിയിൽ പ്രവർത്തനം ആരംഭിച്ച എന്റർപ്രൈസസ് ഡെവലപ്പ്മെന്റ് സെന്ററിന് മാസങ്ങൾക്കകം താഴുവീണു. ഈ വർഷം ജനുവരിയിൽ ആരംഭിച്ച സ്ഥാപനത്തിന്റെ പ്രവർത്തനം ലോക്ക് ഡൗൺ ആരംഭിച്ചതോടെ മാർച്ചിലാണ് നിലച്ചത്. കാൽ നൂറ്റാണ്ടുകാലം അടഞ്ഞുകിടന്ന ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിയിൽ കേന്ദ്ര മൈക്രോസ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പുതിയ പരിശീലന സംരഭങ്ങൾക്കായാണ് എന്റർപ്രൈസസ് ഡെവലപ്പ്മെന്റ് സെന്റർ ആരംഭിച്ചത്.

എൻജിനിയറിംഗ്, ഊർജം, കാർഷിക വ്യവസായം, ഐ.ടി തുടങ്ങിയ മേഖലകളിലെ പരിശീലനമായിരുന്നു ലക്ഷ്യം. ആഗ്ര ആസ്ഥാനമായുള്ള പ്രോസസ് ആൻഡ് പ്രോഡക്ട് ഡെവലപ്‌മെന്റ് സെന്ററിനാണ് നടത്തിപ്പ് ചുമതല. എന്നാൽ കാര്യങ്ങൾ ഉദ്ഘാടനത്തിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. ലോക്ക് ഡൗൺ ആയതോടെ സ്ഥാപനം അടയ്ക്കുകയും ചെയ്തു. പരിശീലനത്തിനായി യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതുൾപ്പടെയുള്ള ജോലികളും നടന്നില്ല.

ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറി

ആറ്റിങ്ങൽ മൂന്നുമുക്കിൽ 1963ലാണ് സ്റ്റീൽ ഫാക്ടറി ആരംഭിക്കുന്നത്. നഷ്ടത്തെ തുടർന്ന് 1994ൽ സ്ഥാപനം അടച്ചുപൂട്ടി. ബി. സത്യൻ എം.എൽ.എ നടത്തിയ ഇടപെടലുകളെ തുടർന്ന് സംസ്ഥാന വ്യവസായവകുപ്പ് കേന്ദ്രസർക്കാരുമായി ബന്ധപ്പെടുകയും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയുമായിരുന്നു. ഇതാണ് പാതിവഴിയിൽ നിലച്ചത്.

20 കോടിയുടെ പദ്ധതി

20 കോടിയുടെ വികസന പദ്ധതികളാണ് സ്റ്രീൽ ഫാക്ടറിയിൽ നടപ്പാക്കാനുദ്ദേശിച്ചിരുന്നത്.

പരിശീലനകേന്ദ്രം ഒരുക്കുന്നതിനും പ്രാഥമിക പ്രവർത്തരനങ്ങൾക്കുമാണ് ഈ തുക അനുവദിച്ചത്. സ്ഥാപനം പ്രവർത്തനം തുടങ്ങിയാൽ കൂടുതൽ തുക കേന്ദ്രത്തിൽ നിന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

.................................

കേരളത്തിനുപുറത്തുള്ള സ്ഥലങ്ങളിൽ നിന്നാണ് യന്ത്രസാമഗ്രികൾ കൊണ്ടുവരേണ്ടതും പരിശീലകരെത്തേണ്ടതും. ലോക്ക് ഡൗണായതോടെ അവർക്ക് ഇങ്ങോട്ടേക്കെത്താൻ കഴിഞ്ഞിട്ടില്ല. കൊവിഡ് പ്രതിസന്ധി നീങ്ങിയാലുടൻ കേന്ദ്രം തുറന്ന് പ്രവർത്തിക്കുന്നതിന് ഒരു തടസവുമില്ല.
ബി. സത്യൻ എം.എൽ.എ

........................
അടഞ്ഞുകിടന്ന സ്റ്റീൽ ഫാക്ടറി തുറക്കുന്നതിന് ശുചീകരണം ഉൾപ്പടയുള്ള പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കി. കേന്ദ്രത്തിന്റെ പ്രവർത്തനനത്തിന് തടസങ്ങളില്ലെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

എം. പ്രദീപ്, ചെയർമാൻ ആറ്റിങ്ങൽ നഗരസഭ

സ്റ്റീൽ ഫാക്ടറി ആരംഭിച്ചത്: 1963ൽ

പ്രവർത്തനം നിലച്ചത്: 1994ൽ

പുതിയ സ്ഥാപനം: 2020ൽ