നെടുമങ്ങാട്: ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 മാർക്കും നേടി സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭ. നെടുമങ്ങാട് ദർശന സ്കൂൾ വിദ്യാർത്ഥിനി വൈഷ്ണവിയാണ് നാടിന്റെ അഭിമാനമായത്. സയൺസ് വിഭാഗത്തിലാണ് ഈ മിടുക്കി മുഴുവൻ മാർക്കും കരസ്ഥമാക്കിയത്. എസ്.എസ്.എൽ.സിക്കും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. കണ്ണൂരിൽ നടന്ന സ്കൂൾ കലോത്സവത്തിൽ ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ് വിഭാഗത്തിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. മുൻ സംസ്ഥാന ഹോക്കി ടീമിന്റെ പരിശീലകനും വിമുക്ത ഭടനുമായ ഇളവട്ടം ബ്ലൂ ബെല്ലിൽ ഷിബു പ്രഭാകരന്റെ മകളാണ്.അമ്മ റിൻസി രാജ് ദർശന സ്കൂളിലെ അദ്ധ്യാപികയാണ്. ഡോക്ടർ ആകണമെന്ന ആഗ്രഹമാണ് വൈഷ്ണവിക്ക്. 92 വിദ്യാർത്ഥികൾ പ്ലസ് ടു പരീക്ഷ എഴുതിയ ദർശന സ്കൂളിൽ 86 പേരാണ് വിജയിച്ചത്. വൈഷ്ണവി ഉൾപ്പടെ 4 പേർ ഫുൾ എപ്ലസ് നേടി.