smuggling-

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിൽ കസ്‌റ്റംസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് ആരെയും ഞെട്ടിക്കുന്ന വിവരങ്ങൾ. കമ്മിഷൻ കൊടുത്താൽ സ്വർണം കടത്താൻ ചില കോളേജ് പിള്ളേർ തയ്യാറാണെന്ന വിവരമാണത്രേ കസ്‌റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. സ്വർണക്കടത്ത് സംഘങ്ങൾക്ക് സ്ഥിരം കാരിയമാർ ഉണ്ടെങ്കിലും കോളേജ് പിള്ളേരെ കടത്തിന് ഉപയോഗിക്കുന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു,​

നെടുമ്പാശേരി,​ കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴിയാണ് കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ചുള്ള സ്വർണക്കടത്ത് നടക്കുന്നതെന്നാണ് കസ്‌റ്റംസിന് വ്യക്തമായ വിവരം ലഭിച്ചിരിക്കുന്നത്. സ്വർണക്കടത്തിന് സ്ഥിരം കാരിയർമാരെ ഉപയോഗിക്കുന്നത് കസ്‌റ്റംസ് പിടികൂടുന്നത് കൂടിയതോടെയാണ് കള്ളക്കടത്ത് സംഘം ആർക്കും സംശയം തോന്നാത്ത കോളേജ് വിദ്യാർത്ഥികളെ 'കാരിയർ' മാരാക്കിയത്.

ഓഫറിൽ വീണാൽ 'സാധനം' എത്തിക്കണം

പരീക്ഷ കഴിഞ്ഞതിന് ശേഷമുള്ള അവധിക്കാലത്താണ് കള്ളക്കടത്തുകാർ കോളേജ് വിദ്യാർത്ഥികളെ കാരിയർമാരാക്കുന്നത്. അവധിക്കാലം വിദേശത്ത്, പ്രത്യേകിച്ച് ദുബായിൽ ചെലവഴിക്കാൻ താൽപര്യമുള്ളവരെ കണ്ടെത്തി പ്രലോഭിപ്പിക്കുകയാണ് ആദ്യപടി. യാത്രയുടെ ചെലവ് തങ്ങൾ വഹിച്ചോളാമെന്നും മടങ്ങിവരുമ്പോൾ അവർ കൊടുത്തയയ്ക്കുന്ന ഒരു 'സാധനം' കൂടി കൊണ്ടുവന്നാൽ മതിയെന്നും പറയും. തുടർന്ന് മൂന്നോ നാലോ ദിവസത്തെ ട്രിപ്പിനായി ദുബായിൽ എത്തിക്കും. സുരക്ഷിതമായി മടങ്ങിയെത്തിയാൽ 20,000 രൂപയും നൽകും. സൗജന്യ യാത്ര എന്നു കേൾക്കുന്ന വിദ്യാർത്ഥികൾ സാധനം എന്താണെന്ന് തിരക്കാറുപോലുമില്ല. കണ്ണുമടച്ച് തയ്യാറാകും. കൊടുത്തയ്ക്കുന്ന സ്വർണത്തിന്റെ അളവ് വളരെ കുറവായിരിക്കും. പലപ്പോഴും 500 ഗ്രാം മുതൽ ഒരു കിലോ വരെ മാത്രം. ഈ പ്രവണത ഇപ്പോൾ കൂടി വരികയാണെന്ന് ഉന്നത കസ്‌റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഗൾഫിൽ ജോലി നഷ്ടപ്പെട്ടവരും ഇര

കൊവിഡിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ജോലി നഷ്ടപ്പെട്ടവരെയും ഇത്തരത്തിൽ സ്വർണക്കടത്തിന് ഉപയോഗിക്കുന്നുണ്ട്. ജോലി നഷ്ടപ്പെട്ടതു കാരണം നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുക്കാൻ വഴിയില്ലാതെ നിൽക്കുന്നവരെ ഏജന്റുമാർ സമീപിക്കും. ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്യും. തയ്യാറായാൽ ആ വ്യക്തിയുടെ ഫോട്ടോയും ഫ്ളൈറ്റിന്റെ വിവരവും ഏജന്റ് വാട്ട്സ് ആപ്പിൽ കേരളത്തിലെ ഏജന്റിന് കൈമാറും. മറ്റു വ്യക്തി വിവരങ്ങളൊന്നും പങ്കുവയ്ക്കില്ല. ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ ഏജന്റ് സ്വർണം കൈപ്പറ്റുകയും കമ്മിഷനായി നിശ്ചിത തുകയും നൽകും. പലപ്പോഴും ഇത്തരത്തിൽ ഒരു കിലോ വരെയുള്ള സ്വർണമാണ് കടത്തുക.

ആറ് മണിക്കൂറിൽ 4 ലക്ഷം

കള്ളക്കടത്തുകാർക്ക് ലാഭത്തിൽ മാത്രമാണ് കണ്ണ്. ആറ് മണിക്കൂറിനുള്ളിൽ ഒരു കിലോ സ്വർണം കടത്തിയാൽ കള്ളക്കടത്തുകാരന് ലഭിക്കുക ഇന്നത്തെ വിപണി വില അനുസരിച്ച് 3-4 ലക്ഷം രൂപയാണ്.

സ്വർണം ജൂവലറികൾക്കും ദേശവിരുദ്ധ പ്രവർത്തനത്തിനും

കള്ളക്കടത്ത് സ്വർണം ഉപയോഗിക്കുന്നത് രണ്ട് ലക്ഷ്യങ്ങൾക്കാണ്. ജൂവലറികൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കും. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി സ്വർണം എത്തിച്ചുകൊടുക്കാൻ റാക്കറ്റ് തന്നെയുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. തമിഴ്നാട്,​ ഹൈദരാബാദ്,​ തിരുച്ചിറപ്പള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇത് നടക്കുന്നത്. കേരളത്തിൽ കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് കൊടുവള്ളി റാക്കറ്റ് തന്നെയുണ്ട്. കൊച്ചിയിൽ പെരുമ്പാവൂർ,​ കാസർകോട്,​ കരുനാഗപ്പള്ളി ഗ്യാംഗുകളാണ് ഓപ്പറേഷൻ നടത്തുന്നത്. സ്വർണം കടത്താൻ ഏറ്റവും എളുപ്പം മംഗലാപുരം വിമാനത്താവളം ആയതിനാൽ കാസർകോട് ഗ്യാംഗുകൾ ഇവിടമാണ് ഉപയോഗിക്കുന്നത്. എന്നാൽ,​ തിരുവനന്തപുരത്ത് നിന്ന് ട്രെയിനിലൂടെ സ്വർണം കാസർകോട് എത്തിക്കുന്നതും സർവസാധാരണമാണെന്ന് കസ്റ്റംസ് പറയുന്നു.