സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിസന്ധിയിലാക്കി, സെക്രട്ടേറിയറ്റിൽ വട്ടമിട്ട് പറക്കുകയാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ, മുഖ്യമന്ത്രിയുടെ ഐടി ഫെലോയായിരുന്ന അരുൺ ബാലചന്ദ്രൻ എന്നിവർ അന്വേഷണ പരിധിയിലായിക്കഴിഞ്ഞു. സ്വർണക്കടത്തിലെ മുഖ്യപ്രതിയുമായി അരുണിന് ബിസിനസ് ബന്ധങ്ങളുണ്ടോയെന്നും എൻഐഎ അന്വേഷിക്കുന്നു. പ്രതികൾക്ക് ഫ്ലാറ്റെടുത്ത് നൽകിയതും അവരുമായി ഗൂഢബന്ധം പുലർത്തിയതും കുരുക്കുന്നത് ശിവശങ്കറിനെ മാത്രമല്ല, സർക്കാരിനെക്കൂടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് ശിവശങ്കർ എന്തൊക്കെ വഴിവിട്ട കാര്യങ്ങൾ ചെയ്തെന്ന അന്വേഷണം പുരോഗമിക്കുകയാണ്.
തീവ്രവാദ ബന്ധമുണ്ടെന്ന് എൻ.ഐ.എ പറയുന്ന സ്വർണക്കടത്തിൽ രണ്ട് പ്രമുഖർ സംശയമുനയിലായത് സർക്കാരിന്റെ പ്രതിച്ഛായയെ ഗുരുതരമായി ബാധിക്കും. യു.എ.ഇ കോൺസുലേറ്റിന്റെ പേരിൽ സ്വർണമൊളിപ്പിച്ച നയതന്ത്ര ബാഗ് വിമാനത്താവളത്തിലെത്തിയ ശേഷം ഒന്നാം പ്രതി സരിത്തിനെ ഫോണിൽ വിളിച്ചതിന് മന്ത്രി കെ.ടി ജലീലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം എം.നാസറും കുരുക്കിലാണ്. കരിപ്പൂർ വിമാനത്താവളത്തിൽ കാർഗോ വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ടെന്നതാണ് നാസറിനെ സംശയനിഴലിലാക്കിയത്. ഇതേക്കുറിച്ച് എൻ.ഐ.എയും കസ്റ്റസും വിശദമായി പരിശോധിക്കുന്നുണ്ട്. സ്വപ്നയുടെയും സരിത്തിന്റെയും ഒരു മാസത്തെ ഫോൺവിളി രേഖകൾ പുറത്തുവന്നപ്പോൾ മന്ത്രി ജലീലും പേഴ്സണൽ സ്റ്റാഫും കോൺസുലേറ്റ് ഉന്നതരുമായെല്ലാം നിരവധി വിളികളുണ്ട്. മുൻമാസങ്ങളിലെ വിളികൾ ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
എൻ.ഐ.എ കേസ് ഏറ്റെടുത്തതോടെ ശരവേഗത്തിലായി അന്വേഷണം. സ്വർണം കൊടുത്തയച്ച ദുബായിലെ ഫൈസലിനെയും പ്രതിയാക്കുകയും അയാളെ ഇന്റർപോൾ വഴി പിടികൂടാൻ നീക്കം തുടങ്ങുകയും ചെയ്തു. മുഖ്യപ്രതികളായ സ്വപ്നയും സന്ദീപും കസ്റ്റഡിയിലായതോടെ എൻ.ഐ.എ അന്വേഷണം ചടുലമായി. തിരുവനന്തപുരം വിമാനത്താവളത്തിലേക്കും കോൺസുലേറ്റിലേക്കും പ്രതികൾ ഗൂഢാലോചന നടത്തിയ സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ലാറ്റിലുമെല്ലാം അന്വേഷണം നീളുകയാണ്. എം.ശിവശങ്കറിന് മൂന്ന് പ്രതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാൽ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലേക്കും അന്വേഷണം നീളുകയാണ്. തീവ്രവാദബന്ധമുള്ള ശിവശങ്കറിന്റെ ഓഫീസിലെ കാമറാദൃശ്യങ്ങൾ നൽകണമെന്ന് ചീഫ്സെക്രട്ടറിയോട് എൻ.ഐ.എ ആവശ്യപ്പെടുമെന്നാണ് വിവരം.
സ്വപ്നയ്ക്കൊപ്പം ഉന്നതഉദ്യോഗസ്ഥരും സർക്കാരിന്റെ ഭാഗമായ പ്രമുഖനും നടത്തിയ വിദേശയാത്രകളും സംശയമുനയിലാണ്. ഇക്കൊല്ലം അഞ്ചുതവണ സ്വപ്ന വിദേശത്തുപോയി. ലോക്ക്ഡൗണിന് തൊട്ടുമുൻപ് ഉന്നതഉദ്യോഗസ്ഥനുമായി ദുബായിൽപോയി. തിരികെ കൊച്ചിയിലിറങ്ങി. ഉന്നതരുമൊത്തുള്ള യാത്രയിലും സ്വർണം കടത്തിയിട്ടുണ്ടെന്നാണ് നിഗമനം. വിവിധ വിമാനത്താവളങ്ങളിലൂടെ ആയിരക്കണക്കിന് കോടിയുടെ സ്വർണമാണ് കേരളത്തിലേക്ക് കടത്തുന്നത്.
കോൺസുലേറ്റും കുരുക്കിൽ
കഴിഞ്ഞ ജൂൺ 30ന് ഫൈസൽ ഫരീദ്, പിഒബോക്സ് 31456, വില്ല-നമ്പർ5, അൽറാഷിദ, ദുബായ് എന്ന മേൽവിലാസത്തിൽ നിന്നാണ് യുഎഇ കോൺസുലേറ്റ് ജനറൽ റഷീദ് ഖമീസ് അലി മുസൈയ്ഖരി അൽ-ഷമീരിയുടെ പേരിലേക്കാണ് കാർഗോ അയച്ചത്. യു.എ.ഇയുടെ നയതന്ത്ര പരിരക്ഷ ദുരുപയോഗിച്ച് എങ്ങനെ ഡിപ്ലോമാറ്റിക് കാർഗോ അയച്ചു എന്നതും എൻ.ഐ.എയ്ക്ക് കണ്ടെത്തേണ്ടതുണ്ട്. സ്വർണക്കടത്തിനുപയോഗിച്ചത് ഡിപ്ലോമാറ്റിക് കാർഗോ അല്ലെന്നും ഉദ്യോഗസ്ഥന് വ്യക്തിപരമായി വന്ന പാഴ്സലാണെന്നുമാണ് യു.എ.ഇ എംബസിയുടെ വാദമെങ്കിലും വിമാനത്താവളത്തിലെത്തിയ കാർഗോയുടെ എയർവേ ബില്ലിൽ ഡിപ്ലോമാറ്റ് ബാഗ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. യു.എ.ഇയുടെ ഔദ്യോഗിക സീലും ഡിപ്ലോമാറ്റിക് ബാഗെന്ന സ്റ്റിക്കറുമുണ്ടായിരുന്നതായി കസ്റ്റംസും പറയുന്നു. യു.എ.ഇയുടെ വ്യാജസീലും രേഖകളുമുണ്ടാക്കിയെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, സ്വർണമടങ്ങിയ ബാഗ് വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവച്ച ശേഷം കോൺസുലേറ്റിലെ ഉന്നതർ സ്വപ്നയെ വിളിച്ചതെന്തിനെന്നാണ് കണ്ടെത്തേണ്ടത്. കോൺസുലേറ്റ് ജനറൽ രാജ്യത്തില്ലാത്തപ്പോൾ, ചില ഉദ്യോഗസ്ഥർ പദവികൾ ദുരുപയോഗിച്ചെന്ന സൂചനയുണ്ട്. കോൺസുൽ അറ്റാഷെ ജമാൽ ഹുസൈൻ റഹ്മാ ഹുസൈൻ അൽ-സഅബിയുടെ നിർദ്ദേശപ്രകാരമാണ് കാർഗോ വിട്ടുകിട്ടാൻ കസ്റ്റംസ് അസി.കമ്മിഷണറെ വിളിച്ചതെന്നാണ് സ്വപ്നയുടെ മൊഴി.
യുഎഇ കോൺസുലേറ്റിലെ കോൺസുലേറ്റ് ജനറലുമായും അറ്റാഷെയുമായും സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ഫോൺവിളി രേഖയിലുണ്ട്. നയതന്ത്റ ബാഗിലെത്തിയ സ്വർണം പിടികൂടിയ ശേഷവും കോൺസുലേറ്റ് ഉന്നതരുമായി സ്വപ്നയും സരിത്തും ബന്ധപ്പെട്ടു. ജൂലൈ മൂന്നിനു സരിത്ത് കോൺസുലേറ്റ് ഡ്രൈവറെയും അറ്റാഷെയെയും വിളിച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് ഏപ്രിൽ മുതൽ ജൂലായ് അഞ്ചുവരെയുളള കാലയളവിനുള്ളിൽ 20 തവണയാണ് യുഎഇ കോൺസുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽ സാബിയുമായി സംസാരിച്ചതായും ഫോൺ രേഖകൾ വ്യക്തമാക്കുന്നു. ബാഗ് തുറന്നു പരിശോധിച്ചതു വഴി കസ്റ്റംസ് സ്വർണം പിടികൂടിയ ജൂലായ് അഞ്ചിന് രാവിലെ 11.43, 11.58, ഉച്ചയ്ക്ക് 12.23 എന്നീ സമയങ്ങളിൽ കോൺസുലേറ്റ് ജനറൽ സ്വപ്നയെ വിളിച്ചതായും ഫോൺ രേഖകൾ വ്യക്തമാക്കുന്നു.
വിദേശത്തെ അന്വേഷണം
ഇന്ത്യയ്ക്കു പുറത്ത് രാജ്യതാത്പര്യത്തെയോ പൗരൻമാരുടെ താത്പര്യത്തെയോ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ, ആ രാജ്യങ്ങളിലെ ആഭ്യന്തര നിയമങ്ങൾ പാലിച്ചുകൊണ്ട് അന്വേഷിക്കാൻ എൻ.ഐ.എയ്ക്ക് അധികാരമുണ്ട്. ഇന്ത്യയ്ക്കെതിരെ വിദേശത്തുണ്ടാവുന്ന ഭീകരാക്രമണം, മനുഷ്യക്കടത്ത്, കള്ളനോട്ട്, അനധികൃത ആയുധനിർമാണം, സൈബർ ഭീകരത എന്നിവ അന്വേഷിക്കാം. മറ്റുരാജ്യങ്ങളിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കാം, വിദേശ ഏജൻസികളുമായി ചേർന്ന് അന്വേഷിക്കാം, വിദേശത്ത് കസ്റ്റഡിയും അറസ്റ്റും കുറ്റവാളി കൈമാറ്റവും സാദ്ധ്യം.
യു.എ.പി.എ (നിയമവിരുദ്ധപ്രവത്തനം തടയൽ നിയമം) ചുമത്തിയതോടെ പ്രതികൾക്ക് ജാമ്യം കിട്ടില്ല. 180ദിവസം റിമാൻഡിൽ വയ്ക്കാം. അതിനകം കുറ്റപത്രം നൽകിയാൽ സ്വാഭാവിക ജാമ്യത്തിന് വഴിയടയും. സാധാരണ ക്രിമിനൽ കേസുകളിൽ ആദ്യ റിമാൻഡ് കാലാവധിയായ 14 ദിവസത്തിനുള്ളിലാണു പ്രതികളെ അന്വേഷണ സംഘത്തിനു കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടുകൊടുക്കുക. യുഎപിഎ കേസുകളിൽ പ്രതികളെ എപ്പോൾ വേണമെങ്കിലും കസ്റ്റഡിയിൽ വാങ്ങാം.
പ്രതികൾക്കെതിരെ കോഫെപോസ (കൺസർവേഷൻ ഒഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഒഫ് സ്മഗ്ളിംഗ് ആക്ടിവിറ്റീസ്) ചുമത്തും. അങ്ങനെയായാൽ ഒരു വർഷംവരെ കരുതൽ തടങ്കലിൽ വയ്ക്കാം. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്യും. ഒരുകോടി രൂപയ്ക്ക് മേൽ കള്ളക്കടത്ത് നടത്തുന്നവർക്കെതിരെയാണ് കോഫെപോസ ചുമത്തുന്നത്.