b
ചെക്കാലവിളാകം ജംഗ്ഷനിലെ റോഡരികിലുള്ള ഓട

കടയ്‌ക്കാവൂർ: പൊട്ടിയ ഓടകൾ കാൽനട യാത്രക്കാരെ കെണിയിലാക്കുന്ന കാഴ്ച ചെക്കാലവിളാകം ജംഗ്ഷനിലെ വർഷങ്ങളായുള്ള പതിവാണ്. ഇവിടത്തെ ഓടയുടെ മിക്ക ഭാഗങ്ങളിലും സ്ലാബുകളെത്തിയിട്ടില്ല. ഉള്ളവയാകട്ടെ പൊട്ടിപ്പൊളിഞ്ഞ് നാട്ടുകാരെ ഓടയിൽ വീഴ്‌ത്തുകയാണ്. ഓടയുടെ സ്ളാബ് തകർന്നതോടെ മഴയത്ത് റോഡിൽ വെള്ളക്കെട്ടും ഉണ്ടാകുന്നുണ്ട്. കാൽനട - വാഹന യാത്രക്കാർക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് വലുതാണ്. പൊട്ടിയ സ്ലാബുകളിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവാണ്.
മഴപെയ്‌താൽ മീരാൻ കടവ് പാലത്തിന് സമീപത്തെ റോഡ് നദിയാകും. ഇതോടെ ഗതാഗതം മണിക്കൂറുകളോളം നിലയ്ക്കും. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യാത്രക്കാർ പരാതി നൽകിയതോടെ ഓട പുതുക്കിപ്പണിതു. എന്നാൽ കരാറുകാരൻ ജെ.സി.ബിക്ക് സ്ളാബുകൾ ഇളക്കിമാറ്റി ഓടയിലെ മണലും മാലിന്യവും പുറത്തെടുത്ത് റോഡിന് സമീപത്ത് തന്നെയിട്ടു. തുടർന്ന് സ്ളാബുകൾ നിരത്തിയെങ്കിലും കൂട്ടിയിട്ടിരുന്ന മാലിന്യം മഴയത്ത് ഒലിച്ചിറങ്ങി ഓട വീണ്ടും മൂടി.

സ്‌കൂളുകൾ, ബാങ്കുകൾ, സർക്കാർ - അർദ്ധസർക്കാർ - സ്വകാര്യസ്ഥാപനങ്ങൾ, കടകമ്പോളങ്ങൾ, പൊതുചന്ത, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലേക്കെത്തുന്നവരുടെ യാത്ര ഇതുവഴിയാണ്. പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിരുന്നു. തുടർന്ന് പ്രശ്‌നങ്ങൾ പരിഹരിച്ചാലേ കോൺട്രാക്ടറുടെ ബില്ല് പാസാക്കൂ എന്ന് അധികൃതർ ഉറപ്പു നൽകിയതായി നാട്ടുകാർ പറഞ്ഞു. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും ഈ ഉറപ്പ് നടപ്പായിട്ടില്ല.

'ഗതാഗത തിരക്കുള്ള ഒരു ജംഗ്ഷനാണ് ചെക്കാലവിളാകം. ഓടകളിൽ പൂർണമായി സ്ളാബ് ഇല്ലാത്തത് വലിയ അപകടങ്ങൾക്ക് കാരണമാകും. പ്രശ്നം അടിയന്തരമായി പരിഹരിക്കണം".

- ലല്ലുകൃഷ്ണൻ, സാമൂഹ്യപ്രവർത്തകൻ

അണപൊട്ടിയ അവഗണന

 പല ഭാഗത്തെ ഓടകൾക്കും സ്ലാബില്ല

 പൊട്ടിയ സ്ലാബുകളിൽ അപകടങ്ങൾ പതിവ്

 ഓടയിൽ വീണ് പരിക്കേറ്റവർ നിരവധി

 ഓടയിൽ മാലിന്യം നിറഞ്ഞതോടെ റോഡിൽ വെള്ളക്കെട്ട്

 മഴയത്ത് മീരാൻ കടവ് പാലത്തിലെ റോഡ് വെള്ളത്തിൽ

 ഗതാഗതം നിലയ്‌ക്കുന്നത് മണിക്കൂറുകൾ

 പൊതുമരാമത്ത് വകുപ്പിന്റെ ഉറപ്പ് പാഴായി