nirmmicha-kettidam
കരവാരം പഞ്ചായത്തിലെ വഞ്ചിയൂരിൽ അറവുശാലയ്ക്കായി നിർമ്മിച്ച കെട്ടിടം പണി പൂർത്തിയാകാത്ത നിലയിൽ

കല്ലമ്പലം: കരവാരം പഞ്ചായത്ത് പരിധി പ്രദേശമായ വഞ്ചിയൂരിൽ ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച മിനി അറവുശാലയുടെ പ്രവർത്തനം അനന്തമായി നീളുന്നതിൽ നാട്ടുകാർക്ക് അതൃപ്തി. അത്യാധുനിക നിലവാരമുള്ള യന്ത്രങ്ങൾ സ്ഥാപിച്ചു കഴിഞ്ഞാലുടൻ പ്രവർത്തനം തുടങ്ങാനാകുമെന്നും ചില എതിർപ്പുകൾ വന്നതോടെയാണ് പണി ഇഴയുന്നതെന്നുമാണ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നത്. പണി കഴിഞ്ഞ് രണ്ടു വർഷമായിട്ടും അറവുശാല പ്രവർത്തിപ്പിക്കാൻ കഴിയാത്ത ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തുണ്ട്. ജില്ലാ പഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് 2018 - 19 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ചതാണ് കെട്ടിടം. കന്നുകാലികൾക്ക് വിശ്രമ മുറി, കുളിപ്പിക്കാനുള്ള സൗകര്യം, മൃഗ ഡോക്ടർക്ക് സൗകര്യപ്രദമായ മുറി, വാട്ടർ ടാങ്ക്, ബയോഗ്യാസ് പ്ലാന്റ് എന്നിവയെല്ലാം സജ്ജമാണ്. ഡോക്ടർ പരിശോധിച്ച് അസുഖമില്ലെന്നുറപ്പുവരുത്തിയ മാടുകളെയാകും കശാപ്പ് ചെയ്യുന്നത്. ഇതിലൂടെ വൃത്തിയും ഗുണമേന്മയുമുള്ള മാംസം ജനങ്ങൾക്ക് നൽകുകയെന്നതാണ് ലക്ഷ്യം.

അത്യാധുനിക യന്ത്രസാമഗ്രികൾക്കായി 80 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ശുചിത്വ മിഷൻ കൈമാറി. ഇവ സ്ഥാപിച്ചു കഴിഞ്ഞാൽ പ്രവർത്തനം തുടങ്ങും.

കെ. സുഭാഷ്

കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

അറവുശാലയുടെ അവസാനഘട്ട പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. താമസിക്കാതെ തന്നെ തുറന്നു പ്രവർത്തിക്കാനാകും.

ഐ.എസ്. ദീപ

കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ഒരു കോടി ചെലവിട്ട് ആധുനിക നിലവാരത്തിൽ നിർമ്മിച്ച കെട്ടിടം വർഷം രണ്ടു കഴിഞ്ഞിട്ടും തുറക്കാത്തത് ഭരണസമിതിയുടെ പിടിപ്പുകേടാണ്. ഇത് മറച്ചുവച്ച് നാട്ടുകാരുടെ മേൽ പഴി ചാരാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്.

എം.കെ. ജ്യോതി

കോൺഗ്രസ് കരവാരം മണ്ഡലം പ്രസിഡന്റ്