disaster-managent-author

തിരുവനന്തപുരം: സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയിൽ യു.ഡി ക്ലാർക്കിനെ ചീഫ് മാനേജരാക്കാനുള്ള അനധികൃത നടപടികൾ റദ്ദാക്കി. ഈ സ്ഥാനത്തെത്താൻ ശ്രമിച്ച,10 വർഷത്തിലേറെയായി ഡെപ്യൂട്ടേഷനിൽ ഇവിടെ ജോലിനോക്കുന്ന റവന്യൂവിലെ യു.ഡി ക്ലാർക്ക് സിജി എം.തങ്കച്ചനെ മടക്കി അയയ്ക്കാനും സർക്കാർ ഉത്തരവിട്ടു. കേരളകൗമുദി റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

ഡെപ്യൂട്ടേഷനിലെത്തിയ സിജിക്ക്‌ മാസങ്ങൾക്കുമുൻപ് അനൗദ്യോഗികമായി ചീഫ് മാനേജരുടെ കസേര നൽകിയെങ്കിലും ഈ തസ്തികയിലുള്ള ശമ്പളം (77400- 115200) നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചത് അടുത്തിടെയാണ്. ഇക്കാര്യം കഴിഞ്ഞമാസം 27ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തു. പിന്നാലെ മന്ത്രി ഇ.ചന്ദ്രശേഖരൻ റവന്യൂ സെക്രട്ടറിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. നടപടികൾ ചട്ടവിരുദ്ധമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് അത് റദ്ദാക്കി റവന്യൂ സെക്രട്ടറി എ.ജയതിലക് ഉത്തരവിറക്കിയത്.

വാർത്തയ്ക്കുപിന്നാലെ സി.പി.ഐ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും മന്ത്രിക്ക്‌ പരാതി നൽകിയിരുന്നു. അപേക്ഷ ക്ഷണിച്ച് യോഗ്യരായവരെ കണ്ടെത്തുന്നതിനുപകരം, ഈ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് അതോറിട്ടി മെമ്പർ സെക്രട്ടറി വകുപ്പ് സെക്രട്ടറിക്ക്‌ കത്ത് നൽകിയിരുന്നു. തടസമില്ലെങ്കിൽ എൻ.ഒ.സി ലഭ്യമാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ലാൻഡ് റവന്യൂ കമ്മിഷണർക്കും കത്തു നൽകി. വാർത്ത വന്നതോടെ എൻ.ഒ.സി നൽകാനാവില്ലെന്ന റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മിഷണർ നൽകി.

ചീഫ് മാനേജർ പരിഗണനയിലില്ല

ദുരന്തനിവാരണ അതോറിട്ടിയിൽ ചീഫ് മാനേജർ തസ്തികയിലേക്ക് ആളെ നിയമിക്കുന്ന കാര്യം ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലില്ല. നിലവിൽ ഇത്തരമൊരു തസ്തിക ആവശ്യമില്ലെന്നാണ് അതോറിട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. ദൈനംദിന പ്രവർത്തനങ്ങൾക്കായി റവന്യൂ വകുപ്പിൽ നിന്നു മറ്റൊരു ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനിൽ നിയമിക്കാനുള്ള നടപടിയും ആരംഭിച്ചു. റവന്യൂവകുപ്പിൽ നിന്നു ദീർഘനാളായി ഡെപ്യൂട്ടേഷനിലുള്ളവരെ തിരികെ വിളിച്ചു തുടങ്ങി.

'കേരളകൗമുദിയിലെ വാർത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. അടിയന്തര അന്വേഷണം നടത്തിയാണ് റവന്യൂ സെക്രട്ടറി നടപടിയെടുത്തത്.'

- ഇ.ചന്ദ്രശേഖരൻ

റവന്യൂ മന്ത്രി