കൊവിഡ് മഹാമാരിക്കിടയിലും പത്തും പന്ത്രണ്ടും ക്ലാസ് പരീക്ഷകൾ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനു സാധിച്ചത് വലിയ നേട്ടം തന്നെയാണ്. കേന്ദ്ര ബോർഡുകൾക്കു കീഴിലുള്ള പരീക്ഷാ ഫലവും ഇതോടൊപ്പം പുറത്തുവന്നത് ഉപരിപഠനത്തിനു കാത്തിരിക്കുന്ന ലക്ഷക്കണക്കിനു കുട്ടികൾക്ക് അനുഗ്രഹമായി. സാധാരണ വലിയ ഇടവേളകൾക്കിടയിലാണ് സ്റ്റേറ്റ് - കേന്ദ്ര ബോർഡ് പരീക്ഷാഫലങ്ങൾ പുറത്തുവരാറുള്ളത്. ഇനിയുള്ള ഒന്നുരണ്ടു മാസങ്ങൾ കലാലയ പ്രവേശനത്തിനുള്ള തിക്കും തിരക്കുമായിരിക്കും. പ്ളസ്ടുവിന് മുൻ വർഷങ്ങളെക്കാൾ വിജയികൾ കൂടുതലായതിനാൽ ഉപരി പഠന പ്രവേശനത്തിന് കടുത്ത മത്സരം തന്നെ വേണ്ടിവരും. ആഗ്രഹിക്കുന്ന തരത്തിൽ കോളേജോ കോഴ്സോ പലർക്കും ലഭിച്ചെന്നുവരില്ല. കാരണം വിജയിച്ചവരിൽത്തന്നെ ഏറ്റവുമധികം ഉയർന്ന മാർക്ക് വാങ്ങിയവരാണ് അധികവും.
മറ്റു സംസ്ഥാനങ്ങളെക്കാൾ ഒരുപടി ഉയർന്ന് കേരളം എൻജിനിയറിംഗ് - ഫാർമസി പ്രവേശന പരീക്ഷയും ഇന്നലെ വിജയകരമായി പൂർത്തിയാക്കി. ഒരുലക്ഷത്തിലധികം കുട്ടികളാണ് വിവിധ ജില്ലകളിൽ 343 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയത്. കൊവിഡ് കാലമായതിനാൽ ആരോഗ്യ മാനദണ്ഡങ്ങൾ കർക്കശമായി പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തിയത്. പരീക്ഷാ ഹാളുകളും പരിസരങ്ങളും അണുവിമുക്തമാക്കിയതുൾപ്പെടെ വലിയ തയ്യാറെടുപ്പുകൾ വേണ്ടിവന്നു. പൊലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെയാണ് ചിട്ടയൊപ്പിച്ചു കാര്യങ്ങൾ നടന്നത്. കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശക്തമായി ഉയർന്നുവന്നെങ്കിലും കുട്ടികളുടെ ഭാവി കണക്കിലെടുത്ത് പരീക്ഷ മുൻ നിശ്ചയ പ്രകാരം നടത്താൻ തന്നെ സർക്കാർ തീരുമാനിക്കുകയായിരുന്നു. സർക്കാർ നിലപാടാണ് ശരിയെന്ന് പരീക്ഷ വിജയകരമായി നടന്നതോടെ ഏവർക്കും ബോദ്ധ്യമായിട്ടുണ്ടാവും. കൊവിഡ് കുറയുമെന്നു പ്രതീക്ഷിച്ചു പരീക്ഷ നീട്ടിക്കൊണ്ടുപോകുന്നത് വിഡ്ഢിത്തമാകുമെന്നു മനസിലാക്കാവുന്നതേയുള്ളൂ. അനുദിനം രോഗവ്യാപനം വർദ്ധിക്കുന്നതായാണു കാണുന്നത്. ഇനി മെഡിക്കൽ കോഴ്സ് പ്രവേശനത്തിനുള്ള 'നീറ്റ്" പരീക്ഷയാണ് ശേഷിക്കുന്നത്. സെപ്തംബറിലേക്കു മാറ്റിവച്ച 'നീറ്റ്" പരീക്ഷ ഇനിയും മാറ്റിവയ്ക്കേണ്ടിവരുമോ എന്ന് ആശങ്ക ഇല്ലാതില്ല. കാരണം രാജ്യമൊട്ടാകെ കൊവിഡ് വ്യാപനം അത്രയധികം രൂക്ഷ തോതിലായിരിക്കുകയാണ്.
സംസ്ഥാനത്ത് ഇക്കുറിയും പ്ളസ് ടുവിന് ഉയർന്ന തോതിലാണ് വിജയ ശതമാനം. പരീക്ഷ എഴുതിയവരിൽ 85.13 ശതമാനം കുട്ടികൾ വിജയം നേടി. മൂന്നേമുക്കാൽ ലക്ഷം കുട്ടികളിൽ 3.19 ലക്ഷം പേരും ഉപരി പഠനത്തിനു യോഗ്യത നേടിയവരാണ്. എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയവരിലും മുഴുവൻ വിദ്യാർത്ഥികളും പാസായ സ്കൂളുകളുടെ സംഖ്യയിലും കഴിഞ്ഞ വർഷത്തെക്കാൾ വർദ്ധനവും ഉണ്ടായിട്ടുണ്ട്. 1200-ൽ 1200 മാർക്ക് നേടിയവരുടെ സംഖ്യയും ഇക്കുറി കൂടുതലാണ്. 234 കുട്ടികളാണ് അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചത്. ഏറ്റവും ഉയർന്ന വിജയശതമാനത്തിൽ മുൻ വർഷം കോഴിക്കോടാണ് മുന്നിലെത്തിയതെങ്കിൽ ഇത്തവണ ആ നേട്ടം എറണാകുളത്തിനാണ്. പതിവുപോലെ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും പാസായ 114 സ്കൂളുകളുള്ളതിൽ അധികവും സ്വകാര്യ സ്കൂളുകളാണ്. എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ 18510 പേരിൽ 14195 പേരും പെൺകുട്ടികളാണെന്ന സവിശേഷതയുമുണ്ട്. മൊത്തം വിജയിച്ചവരുടെ പട്ടികയിലും പെൺകുട്ടികൾ തന്നെയാണ് മുന്നിലുള്ളത്. പഠന മികവിൽ പൊതുവിദ്യാലയങ്ങളും മുന്നിലേക്കു കടന്നുവരുന്നതിന്റെ വ്യക്തമായ സൂചനകൾ നൽകുന്നതാണ് ഇത്തവണത്തെ ഫലങ്ങൾ. ഏറെ പിന്നിലായിപ്പോയ സ്കൂളുകളുടെ പട്ടികയിലും ഈ വിഭാഗം തന്നെയാണെന്നതും ശ്രദ്ധേയമാണ്. പൊതുവിദ്യാലയങ്ങളിലെ പഠന നിലവാരം മെച്ചപ്പെടുത്താൻ വർഷങ്ങളായി നടന്നുവരുന്ന യജ്ഞങ്ങൾ ഫലപ്രാപ്തി നൽകുന്നുണ്ടെന്ന് ബോദ്ധ്യപ്പെടുന്നതാണ് പ്ളസ് ടു വിജയ കണക്കുകൾ.
മൂന്നേകാൽ ലക്ഷത്തോളം കുട്ടികൾ ഉപരിപഠന യോഗ്യത നേടി പുറത്തുവരുമ്പോൾ അവർക്ക് അതിനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ട വലിയ ബാദ്ധ്യത സർക്കാരിനു മുമ്പിൽ വെല്ലുവിളിയായി ഉയരുന്നുണ്ട്. കേന്ദ്ര ബോർഡ് പരീക്ഷ പാസായി എത്തുന്നവരെക്കൂടി കൂട്ടിയാൽ മൂന്നേമുക്കാൽ ലക്ഷത്തോളം കുട്ടികൾക്കാണ് സീറ്റുകൾ ഒരുക്കേണ്ടത്. ഇവരിൽ ഏറ്റവും മിടുക്കരായവർ തങ്ങൾ ആഗ്രഹിക്കുന്ന കോഴ്സുകളിൽ പ്രവേശനം നേടും. പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞാൽ പിന്നെ ആശ്രയം ബിരുദ കോഴ്സുകളാണ്. സംസ്ഥാനത്തെ സർവകലാശാലകൾക്കു കീഴിൽ പുതിയ ബിരുദ കോഴ്സുകൾ തുടങ്ങാനുള്ള തീരുമാനം ഈ അദ്ധ്യയന വർഷം തന്നെ നടപ്പാക്കണം. നവീന കോഴ്സുകളുടെ കാര്യത്തിൽ സംസ്ഥാനം ഏറെ പിന്നിലായതിനാൽ സംസ്ഥാനത്തിനു പുറത്തേക്കു പോകുന്ന കുട്ടികളുടെ സംഖ്യ കൂടിവരികയാണ്. എന്നാൽ ഇക്കുറി കൊവിഡ് പശ്ചാത്തലത്തിൽ ആ സാദ്ധ്യതയ്ക്കും മങ്ങലേറ്റിട്ടുണ്ട്. സംസ്ഥാനത്തെ കലാലയങ്ങളിൽ ബിരുദ കോഴ്സുകൾക്ക് സീറ്റുകൾ കാര്യമായി വർദ്ധിപ്പിക്കുന്നില്ലെങ്കിൽ കുട്ടികളുടെ കാര്യം കഷ്ടത്തിലാകും. ഇതു മനസിലാക്കി സർക്കാരും സർവകലാശാലകളും ഉചിത നടപടിയെടുക്കാൻ ഒട്ടും വൈകരുത്. പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്ന ബിരുദ കോഴ്സുകൾ എളുപ്പത്തിൽ തൊഴിൽ നേടാൻ സഹായിക്കുന്നവയാകണം. പരമ്പരാഗത വിഷയങ്ങളോട് ആഭിമുഖ്യം കുറഞ്ഞുവരുന്ന ഇക്കാലത്ത് വൈവിദ്ധ്യമാർന്ന പുതിയ കോഴ്സുകൾ ധാരാളമുണ്ട്. സർവകലാശാലകളിലെ അക്കാഡമിക് വിഭാഗം ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്.
പത്താം ക്ളാസ് പരീക്ഷകളുടെ ഫലം മുഴുവൻ വന്നുകഴിഞ്ഞ സ്ഥിതിക്ക് പ്ളസ് വൺ പ്രവേശന നടപടികൾക്കും തുടക്കം കുറിക്കേണ്ടതുണ്ട്. അടുത്തയാഴ്ച മുതൽ അപേക്ഷ നൽകിത്തുടങ്ങാമെന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്. സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച തീരുമാനം നീണ്ടുപോകാമെങ്കിലും പ്രവേശന നടപടികൾ വേഗം പൂർത്തിയാക്കി ഓൺലൈൻ പഠനമെങ്കിലും ആരംഭിക്കുന്നത് കുട്ടികൾക്ക് പ്രയോജനമാകും. പ്ളസ് വൺ സീറ്റുകളും ഗണ്യമായി വർദ്ധിപ്പിച്ചാലേ ഉപരിപഠന മോഹമെന്ന കുട്ടികളുടെ ആഗ്രഹം സഫലീകരിക്കാനാവൂ. ഹയർ സെക്കൻഡറി സീറ്റുകൾ കുറവായ മലബാർ മേഖലയുടെ ആവശ്യം പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷവും അനേകം കുട്ടികൾക്ക് സ്കൂളുകളിൽ അവസരം നഷ്ടപ്പെട്ടിരുന്നു. അഡിഷണൽ ബാച്ച് അനുവദിക്കുമ്പോൾ സന്തുലിത പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.