കിളിമാനൂർ: നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റത്തിനൊപ്പം അന്യസംസ്ഥാന തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കുമായപ്പോൾ നിർമ്മാണമേഖലയ്ക്ക് ലോക്ക്. ഉള്ളതൊക്കെ വിറ്റുപെറുക്കി വീടുനിർമ്മിക്കാനിറങ്ങിയവരാണ് ഇപ്പോൾ പ്രതിസന്ധിയിലായത്. വിഷു, ഓണം സീസണിൽ ഗൃഹപ്രവേശന ചടങ്ങ് നടത്താൻ ലക്ഷ്യമിട്ടാണ് പലരും വീട് നിർമ്മാണം തുടങ്ങിയത്. സമയക്കുറവ് കണക്കിലെടുത്ത് കരാറുകാരെ മുഴുവൻ ജോലികളും ഏൽപ്പിച്ചവരാണ് കൂടുതൽ. ഇതിനിടെയാണ് കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും തിരിച്ചടിയായത്.
നിർമ്മാണ സാമഗ്രികളുടെ വില കുതിച്ചുയർന്നതോടെ പല കരാറുകാരും ഉടമസ്ഥരോട് കൂടുതൽ പണം ആവശ്യപ്പെട്ട് തുടങ്ങി. ഇതിനോടൊപ്പമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കും നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചത്. ഇതിനോടൊപ്പം തദ്ദേശീയരായ തൊഴിലാളികൾ കൂലി വർദ്ധിപ്പിച്ചതും മറ്റൊരു പ്രശ്നമാണ്.
ഭായിമാർ ചില്ലറക്കരല്ല...
കേരളത്തിലെ അസംഘടിത മേഖലയിൽ ഇന്ന് ഒഴിച്ചുകൂടാനാകത്തവരാണ് അന്യസംസ്ഥാന തൊഴിലാളികൾ. നിർമ്മാണ മേഖലയടക്കം പലയിടത്തും ഭൂരിഭാഗവും ഇവരാണ്. തദ്ദേശീയരായ തൊഴിലാളികളെ കിട്ടാനില്ലാത്തതും അന്യസംസ്ഥാന തൊഴിലാളികൾക്ക് കൂലി കുറവാണെന്നതും ഇവരെ പ്രിയരാക്കുന്നു. ഹോട്ടൽ, പൗൾട്രി ഫാം, ഹോളോ ബ്രിക്സ്, റോഡ് നിർമ്മാണം എന്നിങ്ങനെ ഭായിമാർ ഇല്ലാത്ത തൊഴിലിടങ്ങൾ ഇന്നില്ല.
മലയാളികളേക്കാൾ കൂലി കുറവ്
കൂടുതൽ സമയം ജോലി ചെയ്യും
എന്ത് ജോലിക്കും ആളിനെ ലഭിക്കും
അവധിയെടുക്കുന്നത് വിരളം
..............................
ഓണത്തിന് വീട് വച്ച് താക്കോൽ കൈമാറാൻ 15 ലക്ഷം രൂപ എഗ്രിമെന്റ് എഴുതി ഉറപ്പിച്ചിടത്ത് ഇപ്പോൾ 18 ലക്ഷം മുതൽ 20 ലക്ഷം വരെയാകുന്നു.
(അനീസ്, ഡിസൈർ ബിൽഡേഴ്സ് )