uae

തിരുവനന്തപുരം: ഭീകരബന്ധമുള്ള സ്വർണക്കടത്തിൽ എൻ.ഐ.എയുടെ സംശയ നിഴലിലായതോടെ തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് അറ്റാഷെ റാഷിദ് ഖമീസ് രാജ്യം വിട്ടു. ഞായറാഴ്ച തിരുവനന്തപുരത്തു നിന്ന് വിമാനമാർഗം ഡൽഹിയിലെത്തി, അവിടെ നിന്നാണ് ദുബായിലേക്കു കടന്നത്. കേസിൽ ചോദ്യംചെയ്യലിനുള്ള അനുമതിക്ക് എൻ.ഐ.എ ശ്രമിക്കുന്നതിനിടെയാണ് അറ്റാഷെയുടെ മുങ്ങൽ.

നയതന്ത്ര പരിരക്ഷയുള്ളതിനാൽ റാഷിദിന്റെ യാത്ര തടയാൻ കേന്ദ്രസർക്കാരിന് കഴിയുമായിരുന്നില്ല. ഇന്ത്യയിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് കോൺസൽ ജനറൽ ജമാൽ ഹുസൈൻ റ‌ഹ്‌മാൻ ഹുസൈൻ മാർച്ചിൽ യു.എ.ഇയിലേക്കു പോയതോടെ കോൺസൽ ജനറലിന്റെ ചുമതലയും റാഷിദിനായിരുന്നു. അതിനിടെ, റാഷിദിന് സ്വർണക്കടത്തിൽ നേരിട്ടു പങ്കുണ്ടെന്നും, നേരത്തേ ദുബായിലേക്കു മടങ്ങിയ കോൺസൽ ജനറലിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്നും അറസ്റ്റിലായ സരിത്ത് എൻ.ഐ.എയോട് വെളിപ്പെടുത്തി. ഇതോടെ കേസിന്റെ മാനം മാറുകയാണ്.

യു.എ.ഇയുടെ ഔദ്യോഗിക സീൽ പതിച്ച്, കഴിഞ്ഞ ജൂൺ 30ന് ഫൈസൽ ഫരീദിന്റെ ദുബായ് മേൽവിലാസത്തിൽ നിന്ന് റാഷിദിന്റെ പേരിലാണ് 15 കിലോ സ്വർണമടങ്ങിയ കാർഗോ എത്തിയത്. എയർവേ ബില്ലിൽ ഡിപ്ലോമാ​റ്റിക് ബാഗ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. സംശയം തോന്നി കസ്റ്റംസ് തടഞ്ഞുവച്ചപ്പോൾ സരിത്തിനൊപ്പം വിമാനത്താവളത്തിലെത്തിയതും റാഷിദായിരുന്നു. കാർഗോ ദുബായിലേക്ക് തിരിച്ചയപ്പിക്കാൻ ഇയാൾ ശ്രമിച്ചു.

ഏതാനും മാസങ്ങൾക്കിടെ എട്ടു തവണ ഇത്തരം ബാഗുകൾ എത്തിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വർണം കണ്ടെടുത്തപ്പോൾ, ബാഗിലുണ്ടായിരുന്ന ഈന്തപ്പഴം, നൂഡിൽസ്, ബിസ്കറ്റ് ഒഴികെയുള്ളവ തന്റേതല്ലെന്ന് റാഷിദ് കസ്റ്റംസിന് എഴുതി നൽകി. ഇത് കസ്റ്റംസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

പിന്നീട് സരിത്തിന്റെയും സ്വപ്‌നയുടെയും ഫോൺകാളുകൾ പരിശോധിച്ചപ്പോഴാണ് അറ്റാഷെ സംശയ നിഴലാലായത്. ഏപ്രിലിനും ജൂലായ് അഞ്ചിനുമിടെ 20 തവണ അറ്റാഷെ സ്വപ്നയെ വിളിച്ചിട്ടുണ്ട്. കസ്​റ്റംസ് സ്വർണം പിടികൂടിയ ജൂലായ് അഞ്ചിന് മൂന്നുവട്ടമാണ് വിളിച്ചത്. അറ്റാഷെയുടെ നിർദ്ദേശപ്രകാരമാണ് കാർഗോ വിട്ടുകിട്ടാൻ കസ്റ്റംസ് അസി.കമ്മിഷണറെ വിളിച്ചതെന്ന് സ്വപ്‌ന മൊഴിനൽകിയിരുന്നു. സ്വർണക്കടത്തിൽ പങ്കുണ്ടായിട്ടും എന്താണ് അറ്റാഷെയെ പ്രതിയാക്കാത്തതെന്ന് സന്ദീപും കോടതിയിൽ ചോദിച്ചിരുന്നു.

ഇതിനു പിന്നാലെ അറ്റാഷെയെ ചോദ്യംചെയ്യാൻ എൻ.ഐ.എ രണ്ടാംവട്ടവും യു.എ.ഇ എംബസിയുടെ അനുമതി തേടി. ഇതുവരെ പ്രതികരണമുണ്ടായില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് യു.എ.ഇ സ്ഥാനപതി വ്യക്തമാക്കിയിരുന്നു.

മുന്നിലെ വഴികൾ

1. അറ്റാഷെയെ ചോദ്യം ചെയ്യാൻ അവസരമൊരുക്കാൻ യു.എ.ഇയോട് ഇന്ത്യയ്ക്ക് ഔദ്യോഗികമായി ആവശ്യപ്പെടാം

2. അറ്റാഷെയിൽ നിന്ന് അറിയാനുള്ള കാര്യങ്ങൾ ചോദ്യാവലിയാക്കി യു.എ.ഇയ്ക്ക് കൈമാറാം
3. അറ്റാഷെയ്‌ക്ക് എതിരായ തെളിവുകൾ യു.എ.ഇയ്ക്ക് നൽകി മറ്റുള്ളവരെ വിചാരണ ചെയ്യാം

സംശയിക്കേണ്ടത്

 അറ്റാഷെയുടെ അറിവോടെയാണ് കാർഗോ എത്തിയത്

 മുൻപും സരിത്തിനൊപ്പം കാർഗോ ഏറ്റെടുക്കാനെത്തി

 കോൺസുലേറ്റിലില്ലാത്ത സരിത്തിന് കാർഗോ ചുമതല നൽകി

 ദുബായിലെ കടത്തുകാരന് ഫൈസൽ ഫരീദുമായുള്ള ബന്ധം

 ക്രമക്കേടിന് പുറത്താക്കപ്പെട്ട സ്വപ്നയെ വീണ്ടും ജോലികൾ ഏൽപ്പിച്ചത്

തിരിച്ചു

വിളിച്ചതോ?

ന്യൂഡൽഹി: ഇന്ത്യയിൽ വച്ചുള്ള ചോദ്യംചെയ്യൽ ഒഴിവാക്കാൻ അറ്റാഷെയെ യു.എ.ഇ തിരികെ വിളിച്ചതാണെന്ന് വിവരം. അതിനാൽ മടങ്ങിയെത്താൻ സാദ്ധ്യത കുറവാണ്. അതേസമയം, ഇക്കാര്യം യു.എ.ഇ അറിയിച്ചിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അറ്റാഷെയെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസികൾ നൽകിയ രണ്ട് അപേക്ഷകൾ അവഗണിച്ചാണ് യു.എ.ഇയുടെ ന

ടപടി. സ്വർണക്കടത്തിൽ യു.എ.ഇ സ്വന്തം നിലയ്‌ക്ക് അന്വേഷണം നടത്തുന്നതിനാൽ അറ്റാഷെയെ അവിടെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

നേരത്തെ യു.എ.ഇ അധികൃതരുമായി സംസാരിച്ച ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിന് ഉലച്ചിൽ തട്ടാത്ത വിധം അന്വേഷണം നടത്തുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ അറ്റാഷെയിലേക്ക് അന്വേഷണം നീളുമെന്നായതോടെ നാണക്കേട് ഒഴിവാക്കാൻ തിരിച്ചു വിളിച്ചെന്നാണ് നിഗമനം.