world-habitat-day1

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ എം. ശിവശങ്കറിനെതിരെ നടപടി വൈകിക്കരുതെന്ന് ഇന്നലെ രാവിലെ സി.പി.ഐ മന്ത്രിമാർ മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് വൈകിട്ടോടെ സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയായ ശിവശങ്കർ വിഷയത്തിൽ സി.പി.ഐയുടെ അതൃപ്തി മന്ത്രിമാരിലൂടെ അറിയിച്ചത്, ഇക്കാര്യത്തിൽ ഇടതുമുന്നണിക്കകത്തെ അസ്വസ്ഥത മറ നീക്കുന്നതായി.

അതിനിടെ, നിയമസഭാസമ്മേളനം 27ന് ചേരാനുള്ള ഗവർണറുടെ വിജ്ഞാപനം ഇറങ്ങിയതിന് പിന്നാലെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയ നോട്ടീസ് പ്രതിപക്ഷം നിയമസഭാ സെക്രട്ടറിക്ക് നൽകി. സ്വർണക്കടത്ത് പ്രതികളുമായി സംശയാസ്പദമായ തരത്തിൽ വ്യക്തിബന്ധം പുലർത്തിയ സ്പീക്കർ സഭയുടെ പരിപാവനതയെ ഹനിച്ചെന്നാരോപിച്ചാണ് മുസ്ലിംലീഗ് അംഗം എം. ഉമ്മറിന്റെ നോട്ടീസ്. സന്ദീപ് നായരുടെ കട സ്പീക്കർ ഉദ്ഘാടനം ചെയ്തതും നോട്ടീസിൽ പരാമർശിച്ചിട്ടുണ്ട്.

ഭരണഘടനയുടെ 179(സി) വകുപ്പ് പ്രകാരമാണ് സ്പീക്കറെ നീക്കം ചെയ്യാനാവശ്യപ്പെട്ട് പ്രമേയം നൽകാൻ അനുവാദമുള്ളത്. നിയമസഭാ ചട്ടം 65 പ്രകാരമാണ് ഉമ്മറിന്റെ നോട്ടീസ്. സർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനും പ്രതിപക്ഷ നീക്കമുണ്ട്. പ്രതിപക്ഷത്തിന്റെ സമ്മർദ്ദതന്ത്രത്തെ അതിജീവിക്കാൻ സർക്കാർ പ്രയാസപ്പെടുമെന്നുറപ്പ്.

സ്‌പ്രിൻക്ലർ വിവാദമുയർന്നപ്പോൾ തന്നെ ശിവശങ്കറിനെ മാറ്റേണ്ടതായിരുന്നെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്ന് പറഞ്ഞ് അന്ന് സി.പി.എം തള്ളിയത് വിനയായെന്നാണ് സി.പി.ഐ കരുതുന്നത്. ആരോപണമുയർന്നയുടൻ ശിവശങ്കറിനെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് മുഖ്യമന്ത്രി നീക്കിയത് സി.പി.ഐ സ്വാഗതം ചെയ്തതാണ്. പക്ഷേ ശിവശങ്കറിനെതിരെ അച്ചടക്കനടപടി വൈകിയതിനെ പ്രതിപക്ഷം ആയുധമാക്കിയത്, സോളാർ വിഷയമുയർത്തിക്കാട്ടിയ ഇടതുമുന്നണിക്ക് ക്ഷീണമാകുമെന്നാണവരുടെ വിലയിരുത്തൽ.

ഇന്നലെ രാവിലെ എം.എൻ സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പാർട്ടി മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തങ്ങളുടെ വികാരം മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ ധാരണയായത്. തുടർന്ന് സെക്രട്ടേറിയറ്റ്

നോർത്ത് ബ്ലോക്കിലെ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫീസിൽ നാല് സി.പി.ഐ മന്ത്രിമാരും ഒത്തുകൂടി ചർച്ച ചെയ്തശേഷം മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കാൻ ചന്ദ്രശേഖരനെയും വി.എസ്. സുനിൽകുമാറിനെയും ചുമതലപ്പെടുത്തി. ഇരുവരും മുഖ്യമന്ത്രിയെ കണ്ട് നടപടി വൈകിക്കുന്നത് സർക്കാരിന് ക്ഷീണമാകുമെന്ന പാർട്ടിവികാരം ധരിപ്പിച്ചു. നടപടി വൈകുന്തോറും എന്തോ മറച്ചുവയ്ക്കാനുണ്ടെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നതെന്നും നടപടി എത്രയും വേഗമുണ്ടാകണമെന്നും അവർ അഭ്യർത്ഥിച്ചു. അന്വേഷണത്തിന് ചീഫ്സെക്രട്ടറിയും ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറിയുമടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തിയ സ്ഥിതിക്ക് റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയുറപ്പാക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

കരുതലോടെ സി.പി.എം

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടാകുന്ന രാഷ്ട്രീയ സംഭവഗതികളെ സി.പി.എം നേതൃത്വം കരുതലോടെ വീക്ഷിക്കുകയാണ്. സംഭവമുണ്ടായ ഉടൻ സ്വപ്നയെ ഐ.ടി വകുപ്പിൽ നിന്ന് പുറത്താക്കിയതും ശിവശങ്കറിനെ നീക്കിയതും ഇപ്പോൾ സസ്പെൻഡ് ചെയ്തതും സുതാര്യതയുടെ തെളിവായാണ് പാർട്ടി വിലയിരുത്തുന്നത്. സോളാർ കേസിൽ ഇതല്ല സംഭവിച്ചതെന്നാണ് വാദം. താഴേത്തട്ടിലടക്കം ഇക്കാര്യങ്ങൾ വിശദീകരിക്കും. ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ചയാകും. മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റങ്ങൾ വരുത്തണമെന്ന വികാരവും പാർട്ടിക്കുള്ളിലുണ്ട്.