തിരുവനന്തപുരം: പഴുതടച്ചുള്ള പ്രതിരോധവും കർശന രോഗനിയന്ത്രണങ്ങളുമാണ് വർക്കലയിൽ കൊവിഡ് പകരുന്നത് തടയാൻ ഇടയാക്കിയതെന്ന് വി.ജോയി എം.എൽ.എ പറഞ്ഞു. രോഗവ്യാപനം ഉണ്ടായപ്പോൾതന്നെ ശക്തമായ മുൻകരുതലുകളാണ് സ്വീകരിച്ചതെന്നും അദ്ദേഹം 'കേരളകൗമുദി ഫ്ളാഷി'നോട് പറഞ്ഞു.
ആറ് രോഗികൾ മാത്രം
നിലവിൽ ആറ് കൊവിഡ് രോഗികൾ മാത്രമാണ് വർക്കലയിലുള്ളത്. ആദ്യം വിദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ആശങ്കപ്പെട്ടിരുന്നു. വിദേശിയുടെ സമ്പർക്ക പട്ടിക തന്നെ വളരെ വലുതായിരുന്നു. എന്നാൽ, ആത്മവിശ്വാസം കൈവിടാതെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് നടത്തിയ പ്രവർത്തനത്തിലൂടെ എല്ലാം തിരിച്ചുപിടിക്കാനായി. നിലവിൽ ചികിത്സയിലുള്ള രോഗികളിൽ ആരുടെയും നില ആശങ്കപ്പെടുത്തുന്നതല്ല.
പ്രതിരോധത്തിന്റെ 'ഇരുമ്പുമറ'
രോഗം സ്ഥിരീകരിക്കപ്പെട്ടപ്പോൾതന്നെ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കാനായതാണ് കൊവിഡിനെതിരായ പോരാട്ടത്തിൽ നിർണായകമായത്. ആളുകൾ കൂട്ടത്തോടെ എത്താറുള്ള മാർക്കറ്റുകളും കടകളും അടച്ചിട്ടതിലൂടെ രോഗവ്യാപനത്തിനുള്ള എല്ലാ പഴുതുകളും അടയ്ക്കുകയായിരുന്നു. രോഗം ബാധിച്ചവരെ ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്കോ എസ്.ആർ മെഡിക്കൽ കോളേജിലേക്കോ മാറ്റി വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കി.
രണ്ട് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ
രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയും ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരെയും പാർപ്പിക്കാനായി വർക്കലയിൽ രണ്ട് കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കാൻ പോകുകയാണ്. വർക്കല താലൂക്ക് ആശുപത്രിയിൽ കിടത്തിചികിത്സ ഇല്ലാത്തതിനാൽ തന്നെ സർക്കാർ ആയുർവേദ ആശുപത്രിയിൽ 60 കിടക്കകളുള്ളതും പ്രകൃതി ചികിത്സാകേന്ദ്രത്തിൽ 50 കിടക്കകളുള്ള സെന്ററുകളുമാണ് ആരംഭിക്കുക. ഇതുകൂടാതെ താലൂക്ക് ആശുപത്രിയിൽ ആളുകളുടെ സ്രവം ശേഖരിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെയെല്ലാം സ്രവങ്ങൾ പരിശോധിക്കുകയും ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നുണ്ട്. പരിശോധനകൾ നിരന്തരം നടത്തുന്നുണ്ട്.
15 ലക്ഷത്തിന്റെ ഉപകരണങ്ങൾ
കൊവിഡിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഇതിനോടകം 15 ലക്ഷം രൂപ ചെലവിട്ടു കഴിഞ്ഞു. തെർമൽ സ്‌കാനറുകൾ, പി.പി.ഇ കിറ്റുകൾ, എൻ 95 മാസ്‌കുകൾ തുടങ്ങിയവ വാങ്ങി നൽകിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ ആവശ്യം അനുസരിച്ച് ഉപകരണങ്ങൾ എത്തിക്കുന്നുണ്ട്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി 35 ലക്ഷം രൂപ കൂടി ചെലവിടാൻ ഒരുങ്ങുകയാണ്.