ep

തിരുവനന്തപുരം: ആലപ്പുഴ തീരത്ത് കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിനു പിന്നിൽ തമിഴ്നാട്ടിലെ കരിമണൽ ലോബിയാണെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ ആരോപിച്ചു. സങ്കുചിത രാഷ്ട്രീയ താല്പര്യത്തിനായി സംസ്ഥാനത്തിന്റെ പൊതുതാല്പര്യം ബലികഴിക്കുന്ന നടപടിയിൽ നിന്ന് സമരത്തെ തുണയ്‌ക്കുന്ന രാഷ്ട്രീയ പാർട്ടികൾ പിന്മാറണമെന്നും അദ്ദേഹം വാ‌ർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്ര നയങ്ങളുടെയും സുപ്രീംകോടതി തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് സ്വകാര്യ കമ്പനികൾക്ക് കരിമണൽ ഖനനത്തിന് അനുമതി നൽകാതിരുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇയ്ക്കും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിനും മാത്രമാണ് കരിമണൽ ഖനനത്തിനും കടത്തിനും അനുമതിയുള്ളത്. യുറേനിയം,​ തോറിയം തുടങ്ങിയ തന്ത്രപ്രധാന ധാതുക്കൾ ഛിദ്രശക്തികളുടെ കൈയിലെത്തുന്നത് രാജ്യരക്ഷയെ ബാധിക്കുമെന്നതുകൊണ്ടാണ് ഇത്.

പമ്പയാറും അച്ചൻകോവിലാറും അറബിക്കടലിൽ ചേരുന്നതിന് ഏഴ് കിലോമീറ്റർ അകലെയാണ്. തോട്ടപ്പള്ളി സ്പിൽവേ. നദിയിൽ നിന്ന് മണ്ണടിഞ്ഞ് ഇവിടെ ഒഴുക്ക് തടസ്സപ്പെടുന്നതാണ് മഴക്കാലത്തെ വെള്ളപ്പൊക്കത്തിനു കാരണം. കഴിഞ്ഞ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും കുട്ടനാട്ടിൽ വലിയ നാശനഷ്ടമുണ്ടായിരുന്നു. അതുകൊണ്ടാണ് ദുരന്ത നിവാരണ അതോറിട്ടി 10 ലക്ഷം ക്യുബിക് മീറ്രർ മണ്ണ് നീക്കുന്നത്. സ്വാമിനാഥൻ ഫൗണ്ടേഷനും ചെന്നൈ ഐ.ഐ.ടിയും നടത്തിയ പഠനം നിർദ്ദേശിച്ചതും ഇതാണ്. പ്രളയം തടയാനുള്ള ശ്രമത്തിനെതിരെ ചിലരുടെ പ്രക്ഷോഭം എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.

രാത്രികാലങ്ങളിൽ വൻതോതിൽ കരിമണൽ കടത്തുന്നുണ്ട്. തമിഴ്നാട്ടിലെ കരിമണൽ സ്ഥാപനമാണ് ഇതിനു പിന്നിൽ. ഈ ലോബിക്ക് അനുകൂലമായാണ് സമരക്കാർ പ്രവർത്തിക്കുന്നത്. ഇപ്പോൾ സംഭരിച്ച കരിമണൽ നീക്കം ചെയ്തില്ലെങ്കിൽ ഒലിച്ചുപോകും. കെ.എം.എം.എല്ലിലെ എല്ലാ ട്ര‌േഡ് യൂണിയനുകളും ഈ സമരത്തിനെതിരാണ്. പരിസ്ഥിതിപ്രശ്നം ചൂണ്ടിക്കാട്ടി വ്യവസായ വികസനം തകർക്കുന്നത് ശരിയല്ല. കരിമണൽ ഖനനം ഊർജ്ജിതമാക്കി കൂടുതൽ തൊഴിലവസരം സൃഷ്‌ടിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.