mulapalli

തിരുവനന്തപുരം: അന്വേഷണമെന്ന പ്രഹസനവും പേരിന് സസ്‌പെൻഷനും വഴി ശിവശങ്കറിനെ സംരക്ഷിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.

വിവാദ ഉദ്യോഗസ്ഥനായ ശിവശങ്കറിനെതിരെ ഗുരുതരമായ ആരോപണങ്ങളും തെളിവുകളും പുറത്ത് വന്നിട്ടും നടപടിയെടുക്കാനുള്ള 'ഗ്രൗണ്ടായിട്ടില്ലെന്ന്' മുഖ്യമന്ത്രി പറയുന്നതിന് കാരണം ശിവശങ്കറുമായുള്ള സുദൃഢമായ ബന്ധമാണ്.സ്വപ്ന സുരേഷുമായി സൗഹൃദം മാത്രമാണെന്ന് പറഞ്ഞിരുന്ന ശിവശങ്കറിന്, സ്വർണ്ണക്കടത്ത് കേസിലെ ഒന്നും മൂന്നും പ്രതികളായ സരിത്തും സന്ദീപ് നായരുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന രേഖകളാണ് പുറത്ത് വന്നത്. എന്നിട്ടും മുഖ്യമന്ത്രി സുരക്ഷാ വലയമൊരുക്കുകയാണ്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ നിരവധി തവണ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചതായി സി.സി ടി.വി പരിശോധിച്ചാൽ മനസിലാകും. സോളാർ കേസുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങളുടെ വിശ്വാസ്യതയെപ്പറ്റി വാചാലമായി സംസാരിച്ച നേതാവാണ് ഇന്നത്തെ മുഖ്യമന്ത്രി.രാജ്യദ്രോഹ കുറ്റവാളികൾക്ക് സഹായം നൽകിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ എന്തുകൊണ്ട് സി.പി.എം തള്ളിപ്പറയുന്നില്ല?..

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതും, ഹൈക്കോടതി വിധിയും മാനിച്ച് കോൺഗ്രസ് പ്രവർത്തകർ 31വരെ പ്രത്യക്ഷ സമരപരിപാടികൾക്കിറങ്ങരുതെന്ന് മുല്ലപ്പള്ളി അഭ്യർത്ഥിച്ചു.