കൊച്ചി: ആദ്യമൊന്ന് പതറി. പക്ഷേ കാലിടറിയില്ല. സമസ്ത മേലയും കൊവിഡ് കനത്ത സമ്പത്തിക ആഘാതവും പ്രതിസന്ധിയും വരുത്തിയപ്പോൾ തലയുയർത്തി നിൽക്കുകയാണ് ക്ഷീരമേഖല. പാൽ സംഭരണത്തിലെ പാളിച്ച മാത്രമായിരുന്നു നേരിട്ട ഒരേ ഒരു വെല്ലുവിളി. എന്നാൽ സർക്കാറിന്റെ ഇടപെടലോടെ തുടക്കത്തിലെ അതും മറികടന്നു. ഇന്ന് ഒരു ദിവസം പോലും മുടങ്ങാതെ പാൽ സംഭരണം നടക്കുന്നു. എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകൾ ഉൾപ്പെട്ടതാണ് മിൽമ എറണാകുളം മേഖലാ യൂണിയൻ. പ്രതിദിനം 3,50,000 ലിറ്റർ പാലാണ് മേഖലയിൽ സംഭരിക്കുന്നത്. പ്രാദേശികമായി വില്പന കഴിഞ്ഞുള്ള പാലാണ് മേഖല യൂണിയനുകൾ ശേഖരിക്കുന്നത്.

കണ്ടെയ്മെന്റ് സോണുകളിലെ ക്ഷീരസംഘങ്ങൾ അടച്ചിട്ടതിനാൽ അടുത്ത പ്രദേശത്ത് കളക്ഷൻ സെന്റർ തുറന്നാണ് പാൽ ശേഖരണം. പാൽ സംഭരണത്തിൽ മാത്രമല്ല കാലിത്തീറ്റ വിതരണവും സുഗുമായി നടക്കുന്നു. മിൽമയുടെയും കേരള ഫീഡ്സിന്റെ കാലിത്തീറ്റയാണ് എറണാകുളം മേഖലയിലെ ക്ഷീരകർഷകർ ഉപയോഗിക്കുന്നത്. പട്ടണക്കാട്ട് മലമ്പുഴയ എന്നിവിടങ്ങളിൽ നിന്നാണ് കാലിത്തീറ്റ എത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ആവശ്യ അസംസ്കൃത വസ്തുക്കൾ ശേഖരിച്ച് തീറ്റ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ധനസഹായം നൽകിയും പ്രതിസന്ധിക്ക് പരിഹാരം കാണാൻ വകുപ്പ് മുന്നിട്ടിറങ്ങി. ക്ഷീര കർഷകർക്ക് നൽകാൻ ഇൻസെന്റീവ് ഇനത്തിൽ ഒരു കോടി രൂപയാണ് യൂണിയൻ നീക്കിവച്ചിരിക്കുന്നത്.

മാനദണ്ഡം പാലിച്ച്

46,000 പാൽ അളക്കുന്ന കർഷകർ. ഇവർക്കെല്ലാം മാസ്കും കൈയുറകളും സാനിറ്റസറും. പാൽ സംഭരണം പൂർണമായും സാമൂഹിക അലം പാലിച്ച്. എറണാകുളം മേഖല യൂണിയന്റെ പ്രവർത്തനം ഇങ്ങനെ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് മുന്നോട്ട് പോകുന്നത്. കൊവിഡ് നിർദേശം കർശനമായി പാലിക്കണമെന്നും ക്ഷീകർഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

"കൊവിഡ് ഭീതിയിൽ എല്ലാ തൊഴിൽ മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. ഒരുപരിധി വരെ ഇതിനെ മറികടക്കാൻ ക്ഷീരമേഖലയ്ക്ക് സാധിച്ചു. ആവശ്യമായ കാലിത്തീറ്റ ശേഖരിച്ചിട്ടുണ്ട്.ക്ഷീരസംഘങ്ങൾ വഴി ഇവ ആവശ്യാനുസരണം വിതരണം ചെയ്യുന്നുണ്ട്.ക്ഷീരകർഷകർക്ക് ആവശ്യമായ ധനസഹായവും നൽകുന്നു.

ജോൺ തെരുവത്ത്

ചെയർമാൻ

മിൽമ, എറണാകുളം