നാഗർകോവിൽ: തൂത്തുക്കുടിയിൽ എട്ടുവയസുകാരിയുടെ മൃതദേഹം കനാലിൽ പ്ലാസ്റ്റിക്ക് വീപ്പയ്ക്കുള്ളിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അയൽവാസിയായ യുവാവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സാത്താൻകുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മുത്തിശ്വരൻ(20), നന്ദീശ്വരൻ(20) എന്നിവരെയാണ് പൊലീസ് പിടികൂടിയത്
തൂത്തുകുടി മേഘന്നപുരത്തിനടുത്ത് കൽവിളെ വില്ലേജിലെ ഇന്ദിര നഗർ സ്വദേശിയായ മൂന്നാംക്ലാസുകാരിയെ ബുധനാഴ്ച രാവിലെ 11 മുതലാണ് കാണാതായത്. തുടർന്ന് കുട്ടിയുടെ അമ്മയടക്കമുള്ള നാട്ടുകാർ കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഉച്ചയ്ക്ക് 2.30ഓടെയാണ് സാത്താൻകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ വരണ്ട ജലസേചന കനാലിൽ നിന്നും ഒരു പ്ലാസ്റ്റിക്ക് വീപ്പയിൽ അടക്കം ചെയ്ത നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കൊല്ലപ്പെട്ട പെൺകുട്ടിയുടെ അയൽക്കാരനാണ് പ്രതികളിലൊരാൾ. കുട്ടി ഈ വീട്ടിൽ ടിവി കാണാൻ പോകുമായിരുന്നു. കുട്ടി വീട്ടിൽ ചെന്ന സമയം ബുദ്ധി വൈകല്യമുള്ള പിതാവിനെ പ്രതി മർദ്ദിക്കുന്നത് കണ്ടു. ഇത് കുട്ടി കണ്ടു എന്ന് മനസിലാക്കിയ പ്രതി കുട്ടിയോടും ദേഷ്യപ്പെട്ടു. തുടർന്ന് കുട്ടി പ്രതിയെ കല്ല് പെറുക്കി എറിഞ്ഞു. ഇതിൽ പ്രകോപിതനായ പ്രതി കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പ്രതി സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കനാലിൽ തള്ളുകയായിരുന്നു.