തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ പേരിലുള്ള കേസുകളിൽ അഭിഭാഷകർക്ക് നൽകാനെന്ന പേരിൽ വ്യാജ രേഖകളുണ്ടാക്കി 2,45,000 രൂപ തട്ടിയ കേസിൽ ശിശുക്ഷേമസമിതിയിലെ പ്രോഗ്രാം ഓഫീസറും അഡ്മിനിസ്ട്രേറ്രീവ് ഓഫീസറുമായിരുന്ന പി.ശശിധരൻ നായർക്കെതിരെ വിജിലൻസ് കുറ്രപത്രം നൽകി. തിരുവനന്തപുരം സ്പെഷ്യൽ വിജിലൻസ് കോടതിയിലാണ് വിജിലൻസ് ഡിവൈ.എസ്.പി എ.അബ്ദുൾ വഹാബ് കുറ്റപത്രം നൽകിയത്.
2013 ഫെബുവരി മുതൽ 2014 മാർച്ച് വരെയുള്ള കാലയളവിൽ ശിശുക്ഷേമ സമിതിയുടെ പ്രോഗ്രാം ഓഫീസർ കം അഡ്മിനിസ്ട്രേറ്രീവ് ഓഫീസറായിരുന്ന ശശിധരൻ നായർ ഹൈക്കോടതിയിൽ കേസ് നടത്തുന്ന ചെലവിലേക്കാണെന്ന് കാണിച്ച് തുക കൈപ്പറ്രിയ ശേഷം വ്യാജ പ്രൊഫഷണൽ ബില്ലുകൾ തയ്യാറാക്കുകയായിരുന്നു. അതിൽ പരാമർശിക്കുന്ന കേസുകൾ ശിശുക്ഷേമ സമിതിയുമായി ഒരു ബന്ധവുമില്ലാത്തതായിരുന്നു. അതിൽ പേര് നൽകിയ അഭിഭാഷകനും ഇതേക്കുറിച്ചറിയില്ലായിരുന്നു. തുടർന്ന് 2015 ജൂലായ് 7ന് ശശിധരൻ നായരെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു. 2017 ഡിസംബർ 16ന് ശശിധരൻ നായർ പണം തിരികെയടച്ചു. ഇയാളെ അനധികൃതമായി അഡ്മിനിസ്ട്രേറ്രീവ് ഓഫീസറായി നിയമിക്കപ്പെട്ടപ്പോൾ ശമ്പള ഇനത്തിൽ അധികമായി കൈപ്പറ്രിയ തുക തിരിച്ചുപിടിക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടെങ്കിലും നടന്നിരുന്നില്ല. അഡ്മിനിസ്ട്രേറ്രീവ് ഓഫീസറായി നിയമിച്ച ജില്ലാ കളക്ടറുടെ നടപടി ശരിയല്ലെന്നും അധികമായി കൈപ്പറ്രിയ തുക തിരിച്ചുപിടിക്കണമെന്നും ധനകാര്യ പരിശോധന വിഭാഗവും നിർദ്ദേശിച്ചിരുന്നു. മുഖ്യമന്ത്രി ചെയർമാനും സാമൂഹ്യ നീതി വകുപ്പ് മന്ത്രി വൈസ് പ്രസിഡന്റുമായതാണ് ശിശുക്ഷേമ സമിതിയുടെ ഉന്നതാധികാര സമിതി.