തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡിൽ നിരീക്ഷണത്തിലായിരുന്ന ആൾ തൂങ്ങി മരിച്ചു. അഞ്ചൽ വയല സ്വദേശി നസറുദ്ദീനാണ് (53) ജീവനൊടുക്കിയത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
മരത്തിൽ നിന്ന് വീണ് വാരിയെല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് നസറുദ്ദീൻ ആഴ്ചകളായി പതിനെട്ടാം വാർഡിൽ ചികിത്സയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നിരീക്ഷണത്തിനായി നസറുദ്ദീനെ ഇന്നലെ കൊറോണ വാർഡിലേക്ക് മാറ്റിയത്.
ഒബ്സർവേഷൻ വാർഡിലായിരുന്നതിനാൽ കൂട്ടിരിപ്പുകാരനായിരുന്ന മകന് നസറുദ്ദീനൊപ്പം പ്രവേശനമുണ്ടായില്ല. മരത്തിൽ നിന്ന് വീണ് കിടപ്പിലായ പിതാവിനൊപ്പം നിൽക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും ആശുപത്രി അധികൃതർ അനുവദിച്ചിരുന്നില്ലെന്ന് നസറുദ്ദീന്റെ മകനും കുടുംബവും ആരോപിച്ചു.
മരത്തിൽ നിന്ന് വീണതിനൊപ്പം കൊവിഡ് നിരീക്ഷണത്തിലേക്ക് മാറ്റിയതും നസറുദ്ദീനെ മാനസികമായി തളർത്തിയെന്നാണ് കരുതുന്നത്. എന്നാൽ തളർന്ന് കിടക്കുകയായിരുന്ന നസറുദ്ദീന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും പോസ്റ്റുമോർട്ടം. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രി സൂപ്രണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് രോഗികൾ ആശുപത്രിയിൽ ആത്മഹത്യ ചെയ്ത സംഭവം വിവാദമായിരുന്നു. കൊവിഡ് രോഗികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ കൗൺസലിംഗ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുകയും സെക്യൂരിറ്റി സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും ആത്മഹത്യയുണ്ടായത്.