investigation

തിരുവനന്തപുരം : ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കായിക താരവും സ്പോർട്സ് കൗൺസിലിലെ ടെക്നിക്കൽ സെക്രട്ടറിയുമായിരുന്ന ബോബി അലോഷ്യസിനെതിരെ ഉയർന്ന ആരോപണങ്ങൾ കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കുമെന്ന് കായിക മന്ത്രി ഇ.പി.ജയരാജൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ലണ്ടനിൽ ഉന്നത വിദ്യാഭ്യാസത്തിനായി ഫണ്ട് വാങ്ങിയ ശേഷം സ്വകാര്യ റിക്രൂട്ട്‌മെന്റ് സ്ഥാപനം തുടങ്ങി എന്നായിരുന്നു ഇവർക്കെതിരെ ഉയർന്ന ആരോപണം.ബി.എസ് .സി സ്‌പോർട്സ് സയൻസ് പഠിക്കാനായാണ് കേന്ദ്രവും സംസ്ഥാനവും ഫണ്ട് നൽകി ബോബി അലോഷ്യസിനെ ലണ്ടനിലേക്ക് അയക്കുന്നത്. 2003ൽ 15 ലക്ഷം രൂപയാണ് കേരള സർക്കാർ ഇവർക്ക് നൽകിയത്.മൂന്ന് തവണയായി 5 ലക്ഷം രൂപ വീതമാണ് കൗൺസിൽ അനുവദിച്ചത്.പഠന ശേഷം തിരിച്ചെത്തി ബോബി തെരഞ്ഞെടുക്കപ്പെട്ട താരങ്ങളെ ഹൈ ജംപ് പരിശീലിപ്പിക്കണമെന്നും, പഠനത്തിന് ചെലവാക്കിയ തുകയുടെ കണക്കുകൾ ബോധിപ്പിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

കൗൺസിൽ നിരന്തരം കത്തിടപാടുകൾ നടത്തിയെങ്കിലും 2010വരെ പഠനത്തെക്കുറിച്ചോ ചെലവാക്കിയ തുകയെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും ബോബി മറുപടി നൽകിയില്ല. ഇതേത്തുടർന്ന് കൗൺസിൽ നിയമനടപടിയുടെ ഭാഗമായി അനുവദിച്ച 15 ലക്ഷവും പലിശയുമടക്കം 24 ലക്ഷം രൂപ തരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ നടപടി വെറും കടലാസിൽ ഒതുങ്ങി.ഇതേകാലയളവിൽ നാഷണൽ സ്‌പോർട്സ് ഡെവലപ്‌മെന്റ് ഫണ്ടിൽ നിന്ന് പരിശീലനത്തിനായി ബോബി 34 ലക്ഷം രൂപയും കൈപ്പറ്റിയിരുന്നു.അതേസമയം മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കർ ഇടപെട്ട് ബോബി അലോഷ്യസിനെതിരായ അന്വേഷണം ഇല്ലാതാക്കിയെന്നും ആരോപണമുയർന്നിരുന്നു.