gold-smuggling

തിരുവനന്തപുരം: നയതന്ത്ര പരിരക്ഷയുള്ള ഒരു രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയുടെ യാത്ര ലോകത്തെവിടെയും തടയാനാവില്ലെന്ന് മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ പറഞ്ഞു. അതിലുൾപ്പെട്ട ഉദ്യോഗസ്ഥനാണ് രാജ്യം വിട്ട അറ്റാഷെ റാഷീദ് ഖമീഷ്‌ അലി മുസൈയ്ഖരി അൽഷമീലി. നയതന്ത്ര പ്രതിനിധിയെക്കുറിച്ച് സംശയമുയർന്നാൽ തിരിച്ചുവിളിക്കുന്നത് പതിവാണ്. ജോലി ചെയ്യുന്ന രാജ്യത്ത് ചോദ്യംചെയ്യാനോ അറസ്റ്റോ പറ്റില്ല. വിയന്ന കരാറിലെ അന്താരാഷ്ട്ര വ്യവസ്ഥയാണിത്. അല്ലെങ്കിൽ ഉദ്യോഗസ്ഥന്റെ നയതന്ത്ര പരിരക്ഷ എടുത്തുമാറ്റണം. അത് അസാധാരണമാണ്. കൊലപാതകം ചെയ്താൽ പോലും നയതന്ത്ര ഉദ്യോഗസ്ഥർക്ക് പരിരക്ഷ ലഭിക്കും.

ചുവന്ന നിറത്തിലുള്ള ഡിപ്ലോമാറ്റിക് പാ‌സ്‌പോർട്ടുമായി നയതന്ത്ര ഉദ്യോഗസ്ഥൻ യാത്രയ്ക്കെത്തിയാൽ തടയാനാവില്ല. അനുവദിച്ചേ പറ്റൂ. വിചാരണ നടത്തി തങ്ങളുടെ രാജ്യത്ത് ശിക്ഷ നൽകാമെന്ന ധാരണയിലാണ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുക. എന്നാൽ പിന്നീട് കാര്യമായ ശിക്ഷയോ നടപടികളോ ഉണ്ടാവാറില്ല. ചോദ്യം ചെയ്യാൻ പിന്നീട് അനുവദിക്കുക പോലും പതിവില്ല. അതിന് ശാഠ്യം പിടിച്ചാൽ ആ രാജ്യവുമായി വഴക്കുണ്ടാക്കാമെന്ന് മാത്രം. സ്വർണക്കടത്ത് കേസിൽ അന്വേഷണം നടത്തുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, അവരുടെ അന്വേഷണത്തിലെ തെളിവ് ഇന്ത്യയിലെ കോടതികൾ സ്വീകരിക്കില്ല. രാജ്യം വിട്ട അറ്റാഷെയ്ക്ക് പകരം പുതിയ ഉദ്യോഗസ്ഥനെ യു.എ.ഇ തിരുവനന്തപുരത്തെ കോൺസുലേറ്റിൽ നിയോഗിക്കും. ഇതെല്ലാം സാധാരണ നടപടിക്രമങ്ങൾ മാത്രമാണ്.