തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ കനത്ത സുരക്ഷ മാനദണ്ഡങ്ങളോടെ സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ 'കീം' പൂർത്തിയായി. 343 കേന്ദ്രങ്ങളിലായി 1,10250 പേരാണ് അപേക്ഷിച്ചിരുന്നത്. ഇതിൽ 85 ശതമാനം പേർ പരീക്ഷയെഴുതിയെന്നാണ് പ്രാഥമിക കണക്ക്. രാലിലെയും ഉച്ചയ്ക്ക് ശേഷവും രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു പരീക്ഷ. ഡൽഹി, മുംബയ് കേന്ദ്രങ്ങളിൽ ഹാജർ നില കുറവായിരുന്നു.
കൊവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാർത്ഥികളും പരീക്ഷയെഴുതി. രണ്ട് പേർ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലും ഒരാൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലും.വിദ്യാർത്ഥികളും രക്ഷിതാക്കളും ഒന്നിച്ചെത്തിയതോടെ കൂടുതൽ പേർ പരീക്ഷയെഴുതിയ കേന്ദ്രങ്ങളിൽ തിരക്കനുഭവപ്പെട്ടു. പൊലീസും വോളണ്ടിയർമാരും ചേർന്ന് തിരക്ക് നിയന്ത്രിച്ചു. ക്വാറന്റീനിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ വിദ്യാർത്ഥികൾക്ക് പ്രത്യേക റൂമിലായിരുന്നു പരീക്ഷ. ഇവർ ഉത്തരം രേഖപ്പെടുത്തിയ ഒ.എം.ആർ ഷീറ്റ് പ്രത്യേകം കവറുകളിലാക്കിയാണ് മൂല്യനിർണയത്തിനയക്കുന്നത്. ഇവ ഉൾപ്പെടെ മുഴുവൻ ഉത്തരക്കടലാസുകളുടെയും മൂല്യനിർണയം ആരോഗ്യവകുപ്പിന്റെ മാർഗരേഖ പ്രകാരം 14 ദിവസത്തിന് ശേഷമായിരിക്കും നടത്തുക. ഒന്നാം ഘട്ടത്തിനു ശേഷം ശുചിമുറികൾ അണുവിമുക്തമാക്കിയായിരുന്നു രണ്ടാം ഘട്ട പരീക്ഷ..
തിരുവനന്തപുരത്ത് കോവിഡ് സൂപ്പർ സ്‌പ്രെഡ് മേഖലയിൽ നിന്നുള്ള 60 വിദ്യാർഥികൾക്ക് മാത്രമായി വലിയതുറ സെന്റ്. ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രത്യേക പരീക്ഷാകേന്ദ്രമൊരുക്കിയിരുന്നു. പരീക്ഷാ ഡ്യൂട്ടിക്ക് പി.പി.ഇ കിറ്റ് ധരിച്ചാണ് അദ്ധ്യാപകർ ഉൾപ്പെടെയുള്ളവർ ഇവിടെ എത്തിയത്.