തിരുവനന്തപുരം:മെഡിക്കൽ കോളേജ് ആശുപത്രിയിലെ നാല് ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പി.ജി ഡോക്ടർമാർക്കും രണ്ടു ഹൗസ് സർജനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ നാല് നഴ്സിംഗ് അസിസ്റ്റന്റുമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഹൗസ് സർജന്മാർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് സർജറി വാർഡ് അടച്ചത്. ഇവരോട് സമ്പർക്കം പുലർത്തിയ 30 ഡോക്ടർമാരും നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം വാർഡിൽ പ്രവേശിപ്പിച്ച രോഗിക്ക് കൊവിഡ് പോസിറ്റീവാകുകയും ഇദ്ദേഹത്തിൽ നിന്ന് രോഗം പകർന്നിരിക്കാമെന്നുമാണ് സംശയം. ഏഴ് ദിവസത്തേക്ക് വാർഡ് അടച്ചുവെന്നാണ് സൂചന. ഇവിടെ ഉടനെ അണുനശീകരണം നടത്തും. വാർഡിലുള്ളവരെ മറ്റിടങ്ങളിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജിലേക്ക് വരുന്ന രോഗികളോടും ബന്ധുക്കളോടും അതീവ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സർജറി വാർഡ് അടച്ചതോടെ നിരവധി സർജറികളും മാറ്റിവയ്ക്കേണ്ട സ്ഥിതിയാണ്. അത്യാവശ്യ സർജറികൾക്ക് ബദൽ മാർഗം ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
നിറഞ്ഞ് കവിഞ്ഞ് ആശുപത്രികൾ
മെഡിക്കൽ കോളേജും ജനറൽ ആശുപത്രിയും കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനു പുറമെ വർക്കല എസ്.ആർ കോളേജ് അടക്കം നഗരത്തിന് പുറത്തുളള ചികിത്സാകേന്ദ്രങ്ങളിലും ദിവസം തോറും കൂടുതൽ രോഗികൾ എത്തുന്നുണ്ട്. അതേസമയം വൈറസ് വ്യാപനം കൂടുതലുളള വാർഡുകളിൽ പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങൾ ഒരുക്കാനുളള തയ്യാറെടുപ്പുകളിലാണ് അധികൃതർ. ആദ്യപടിയായി പൂന്തുറയിലും ബീമാപളളിയിലുമാണ് പ്രഥമഘട്ട ചികിത്സാകേന്ദ്രം സജ്ജമായത്. കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ചികിത്സാ സൗകര്യം വിപുലപ്പെടുത്താൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഏറ്റെടുത്തത്. ആദ്യഘട്ടത്തിൽ ആയിരം പേർക്കായിരിക്കും ഇവിടെ ചികിത്സ ഒരുക്കുക.രണ്ട് ദിവസത്തിൽ കേന്ദ്രം സജ്ജമാകുമെന്നാണ് അധികൃതർ അറിയിച്ചത്. ആദ്യം കൺവെൻഷൻ സെന്ററാണ് കൊവിഡ് ആശുപത്രിയാക്കി മാറ്റുക. പിന്നീട് വൈറസ് ബാധിതരുടെ എണ്ണം കൂടുന്നത് അനുസരിച്ച് സ്റ്റേഡിയത്തിന്റെ മറ്റു സ്ഥലങ്ങളും സജ്ജമാക്കുമെന്ന് അധികൃതർ പറഞ്ഞു.