siva

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി,​ ഐ.ടി സെക്രട്ടറി പദവികളിൽ നിന്ന് മാറ്റി നിറുത്തിയിരുന്ന എം. ശിവശങ്കർ കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ സർക്കാർ കൈവിട്ടു. അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയാണെന്ന് ഇന്നലെ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ശിവശങ്കറിനെതിരെ വകുപ്പുതല അന്വേഷണം തുടരുമെന്നും വ്യക്തമാക്കി.

അറസ്റ്റിന്റെ വക്കിലായ ശിവശങ്കറിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാൻ എൻ.ഐ.എയും കസ്റ്റംസും ഒരുങ്ങുമ്പോഴാണ് സസ്പെൻഷൻ. രണ്ടാംഘട്ട ചോദ്യംചെയ്യലിന് ശേഷം കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. കസ്റ്റംസിൽ നിന്ന് വ്യത്യസ്തമായി ദിവസങ്ങളോളം നീളുന്ന ശക്തമായ ചോദ്യംചെയ്യലായിരിക്കും എൻ.ഐ.എയുടേത്.

ചീഫ്സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെയും ധനകാര്യ അഡിഷണൽ ചീഫ്സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്‌തത്. ശിവശങ്കർ പെരുമാറ്റച്ചട്ടം ലംഘിച്ചു. ശിവശങ്കറിന്റെ കാലയളവിൽ നടന്ന ഐ. ടി നിയമനങ്ങളിൽ ക്രമക്കേടുണ്ടോയെന്ന് പരിശോധിക്കാനും ശുപാർശയുണ്ട്.

മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനും കേസിൽ ഉൾപ്പെട്ടതിനെപ്പറ്റി ചോദിച്ചപ്പോൾ, അതിലെല്ലാം അന്വേഷണം നടക്കട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആർക്കൊക്കെ ഉത്തരവാദിത്വമുണ്ട്, എന്നതെല്ലാം പുറത്തുവരട്ടെ. അരുൺ ബാലചന്ദ്രനെ നിയമിച്ചത് മുഖ്യമന്ത്രി അറിഞ്ഞിരുന്നോയെന്ന ചോദ്യത്തിന്, ഐ.ടി രംഗത്തെ ഇത്തരം നിയമനങ്ങൾ സർക്കാർ വന്ന് വർഷങ്ങൾ കഴിഞ്ഞുണ്ടായ ചില നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു മറുപടി. ഐ.ടി ഫെലോകളെ നിയമിച്ചതൊക്കെ ചില വിദഗ്ദ്ധർ കൂടിയാലോചിച്ചാണ്. കൂടുതൽ പരിശോധിച്ചാലേ കൂടുതൽ പറയാനാകൂ.

രണ്ടാംഘട്ട ചോദ്യം

ചെയ്യൽ ഉടൻ

ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് കൊച്ചിയിലേക്ക് കൊണ്ടുപോയി പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് സാദ്ധ്യത. സ്വപ്നയ്ക്ക് ഫ്ലാറ്റെടുത്തു നൽകിയതിന്റെയടക്കം തെളിവുകൾ ശേഖരിച്ച കസ്റ്റംസ്, രണ്ടാംഘട്ട ചോദ്യംചെയ്യലിന് ശിവശങ്കറിനെ വിളിക്കാൻ ഒരുങ്ങുകയായിരുന്നു. അദ്ദേഹത്തിനെതിരെ സർക്കാ‌‌ർ നടപടിയുണ്ടാവുമോയെന്ന് കാക്കാൻ കസ്റ്റംസ് കമ്മിഷണർ നിർദ്ദേശിച്ചിരുന്നു. അതിന് പിന്നാലെയാണ് സസ്പെൻഷൻ വന്നത്. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുമായി സൗഹൃദം മാത്രമാണെന്ന വാദം ഖണ്ഡിക്കുന്ന തെളിവുകൾ കസ്റ്റംസിന്റെ പക്കലുണ്ട്. ഫ്ലാറ്റെടുത്ത് നൽകിയതിലൂടെ പ്രതികൾക്ക് ഗൂഢാലോചനയ്‌ക്കും സ്വർണം ഒളിപ്പിക്കാനും താവളമൊരുക്കുകയും ചെയ്തു. കസ്റ്റംസിന് ശിവശങ്കർ നൽകിയ മൊഴികൾ എൻ.ഐ.എ ശേഖരിച്ചിട്ടുണ്ട്. സ്വപ്‌നയുമായുള്ള ബന്ധം കണ്ടെത്താൻ ശിവശങ്കർ ചെയർമാനായിരുന്ന ഐ.ടി ഇൻഫ്രാസ്‌ട്രക്ചറിൽ എൻ.ഐ.എ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു.

ഫോണിലെ തെളിവുകൾ

കസ്റ്റംസ് പിടിച്ചെടുത്ത ശിവശങ്കറിന്റെ ഫോണിലെ മായ്ചു കളഞ്ഞ ഫയലുകൾ വീണ്ടെടുക്കാൻ സി-ഡാക്കിന്റെ സഹായം തേടിയിട്ടുണ്ട്. സ്വപ്നയുമായി 15വിളികൾ മാത്രമാണ് ശിവശങ്കറിന്റെ ഔദ്യോഗിക നമ്പരിലുള്ളത്. മറ്റ് പ്രതികളുമായി ബന്ധപ്പെടാൻ വേറെ നമ്പരുണ്ടോയെന്നും വാട്സ്ആപ്, ടെലിഗ്രാം വിളികളുടെ വിവരങ്ങളും കണ്ടെത്തണം.

'ശിവശങ്കർ അഖിലേന്ത്യാ സർവീസ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതായി റിപ്പോർട്ടിലുണ്ട്. അഖിലേന്ത്യാ സർവീസിന് നിരക്കാത്ത പ്രവൃത്തികളാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്.​ നടക്കുകയുമാണ് -

മുഖ്യമന്ത്രി പിണറായി വിജയൻ