തിരുവനന്തപുരം:ചാലയിലെ ബിവറേജസ് ഔട്ട്‌ലൈറ്റിന് സമീപമുള്ള കാനറ ബാങ്ക് എ.ടി.എമ്മിൽ മോഷണ ശ്രമം. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് എ.ടി.എം മെഷിൻ മുറിച്ച് മാറ്റി പണം കവരാനായിരുന്നു നീക്കം.ഇന്നലെ പുലർച്ചെ 2.30 ഓടെ ചാല ചൂരക്കാട്ടുപാളയം എ.ടി.എമ്മിലായിരുന്നു മോഷണ ശ്രമം.കട്ടറിൽ നിന്നുള്ള തീപ്പൊരി സമീപത്തെ കെട്ടിടത്തിൽ ഉണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടതോടെ കള്ളൻ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പൊലീസ് എത്തിയെങ്കിലും മോഷ്ടാവിനെ പിടിക്കാനായില്ല. എ.ടി.എം മുറിക്കാനുപയോഗിച്ച കട്ടർ എ.ടി.എമ്മിൽ നിന്ന് ലഭിച്ചു. ഇയാളുടെ സിസിടിവി ദ്യശ്യങ്ങൾ ലഭിച്ചു. നരച്ച മുടിയുള്ള വെള്ള ടീഷർട്ട് ധരിച്ച ആളിന്റെ പിൻ ദ്യശ്യമാണ് ലഭിച്ചത്.ഇരുചക്രവാഹനത്തിലാണ് ഇയാൾ എത്തിയത്.എ.ടി.എമ്മിന് ഉള്ളിലെ ദ്യശ്യങ്ങൾ ടെക്നിഷ്യൻ വരാത്തതിനാൽ പൊലീസിന് ഇന്നലെ ശേഖരിക്കാൻ കഴിഞ്ഞില്ല. ഫോർട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.എ.ടി.എം മുറിക്കാനുള്ള കർട്ടറിന്റെ വൈദ്യുതിയ്ക്കായി ഐ.ഒ.ബി. ബാങ്കിന് മുന്നിലെ ലൈറ്റിൽ നിന്നു ഇയാൾ കണക്ഷൻ എടുത്തു. മോഷണശ്രമം നടത്തിയതിന് സമീപത്തെ ഐ.ഒ.ബി .ബാങ്ക് എടിഎമ്മിന് മുന്നിലെ വെളിച്ചം ഇല്ലാതാക്കാനായി ഇയാൾ ഇതിന്റെ ഷട്ടർ താഴ്ത്തി. ഈ സമയത്തെ സി.സി.ടിവി ദ്യശ്യമാണ് പൊലീസിന് ലഭിച്ചത്. ഇയാൾക്കൊപ്പം കൂട്ടു പ്രതികൾ ആരെങ്കിലും ഉണ്ടോയെന്നും സമീപത്തെ സി.സി.ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.