തിരുവനന്തപുരം: സ്വർണക്കടത്തിൽ യു.എ.ഇ കോൺസുലേറ്റ് അറ്രാഷെയ്ക്ക് നിർണായക പങ്കുണ്ടെന്നും രക്ഷപ്പെടാനായി അറ്റാഷെ, സ്വപ്ന സുരേഷിനെ കേസിൽ കുടുക്കുമെന്നും സരിത്ത് പറഞ്ഞതായി സരിത്തിന്റെ അഭിഭാഷകൻ കെ.കൃഷ്ണൻ നായർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വർണക്കടത്തിനു പിന്നിൽ വമ്പന്മാരാണ്. അന്വേഷണ ഉദ്യോഗസ്ഥർ അവരിലേക്ക് എത്തുന്നില്ല. കാർഗോ കോംപ്ലക്സിൽ എത്തിയ പാഴ്സലിൽ സ്വർണമാണെന്ന് സരിത്ത് തന്നെ അറിയിച്ചിരുന്നതായും കൃഷ്ണൻ നായർ പറഞ്ഞു.
സ്വർണം പിടിക്കപ്പെടും എന്നുറപ്പായ ഘട്ടത്തിലാണ് അറ്റാഷെ കാലുമാറിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നയതന്ത്ര ബാഗ് തുറക്കുന്നതിന് മുന്നോടിയായി അറ്റാഷെയെ വിളിച്ചുവരുത്തി. താൻ ഭക്ഷ്യവസ്തുക്കൾ മാത്രമാണ് ഓർഡർ ചെയ്തതെന്ന് പറഞ്ഞ് ഇയാൾ ഒഴിയുകയായിരുന്നു. കോൺസുലേറ്റിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ പേരിലാണ് പാഴ്സൽ വന്നതെന്നും പാഴ്സലിൽ 25കിലോ സ്വർണമാണെന്നും സരിത്ത് ജൂലായ് നാലിന് തന്നോട് പറഞ്ഞിരുന്നതായും കൃഷ്ണൻ നായർ പറഞ്ഞു. നേരത്തെയും ഇത്തരത്തിൽ പാഴ്സൽ വരാറുണ്ടെന്നും രണ്ടുതവണ ക്ലിയറൻസിനായി പോയിരുന്നെന്നും സരിത്ത് പറഞ്ഞിരുന്നു.
കസ്റ്റംസ് പാഴ്സൽ വിട്ടുകൊടുക്കുന്നില്ലെന്നും പാഴ്സൽ പൊട്ടിക്കും മുമ്പ് തന്നെ സരിത്ത് തന്നോട് പറഞ്ഞിരുന്നു. നേരത്തെയും പാഴ്സൽ ക്ലിയർ ചെയ്യാൻ പോയ പരിചയം വച്ചാണ് സരിത്ത് ഇത്തവണയും പോയത്. സ്വർണമാണെന്ന് അറിഞ്ഞപ്പോൾ ക്ലിയറിംഗിനായി പോകരുതെന്ന് സരിത്തിനോട് പറഞ്ഞിരുന്നെങ്കിലും നിർദ്ദേശം പാലിച്ചില്ല. കസ്റ്റംസ് ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞ സരിത്തിനോട് എന്തിനാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ അവിടേക്ക് ചെന്നില്ലെങ്കിൽ അറ്റാഷെ സ്വപ്നയെ കുടുക്കുമെന്ന് സരിത്ത് പറഞ്ഞു. അല്പസമയം കഴിഞ്ഞ് ഉച്ചയോടെ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തതായുള്ള വാർത്തയാണ് കണ്ടതെന്നും കൃഷ്ണൻ നായർ പറഞ്ഞു.