ആലുവ: ബൈക്ക് യാത്രികനെ തടഞ്ഞുനിറുത്തി മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി ആലങ്ങാട് പൊലീസിന്റെ പിടിയിലായി. ഇവരുടെ പേരുവിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞമാസം 16ന് ആലുവ യു.സി കോളേജിന് സമീപം വച്ച് കുട്ടമശേരി ചാലക്കൽ കൊല്ലംകുടി വീട്ടിൽ കെ.വി. രാജന്റെ മകൻ രജിത്തിനെയാണ് (36) മുഖംമറച്ചെത്തിയ സംഘം വധിക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രജിത്ത് ആശുപത്രി വിട്ടശേഷം വീട്ടിൽ വിശ്രമത്തിലാണ്. തീവ്രവാദ സ്വഭാവമുള്ള കേസായതിനാൽ ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിൽ 15 അംഗ പ്രത്യേക അന്വേഷണസംഘത്തെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നിയോഗിച്ചിരുന്നു.
കഴിഞ്ഞ നാലിന് മാറമ്പിള്ളി കൈപ്പൂരിക്കര പാറക്കൽ വീട്ടിൽ ഷെഫീക്ക് ഹുസൈനാർ (33), ചെങ്ങമനാട് പറമ്പയം എളമനവീട്ടിൽ ഫൈസൽ ഹൈദരാലി (32) എന്നിവർ പിടിയിലായിരുന്നു. ചാലയ്ക്കലിലെ മതംമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ രജിത്ത് ഇടപെട്ടതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണമെന്നാണ് സൂചന.