vilavoorkal

മലയിൻകീഴ്: സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്നുണ്ടായ തീപിടിത്തത്തിൽ വിളവൂർക്കൽ പൊറ്റയിൽ പുലിവണ്ണിയൂർക്കോണത്ത് പുരുഷോത്തമന്റെ വീട് കത്തിശിച്ചു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സമീപത്തെ ആട്ടോ ഡ്രൈവർ കൊണ്ടുവന്ന പുതിയ ഗ്യാസ് സിലിണ്ടർ അടുപ്പിൽ കണക്ട് ചെയ്‌ത ശേഷം തീ കൊളുത്തിയപ്പോൾ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. ഇതിനിടെ പുരുഷോത്തമന്റെ ഭാര്യ വിജയകുമാരി ഇറങ്ങിയോടി നാട്ടുകാരെ വിളിച്ചുവരുത്തി. പുരുഷോത്തമനും ആട്ടോ ഡ്രൈവറും നാട്ടുകാരും ചേർന്ന് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും അടുക്കള കത്തിനശിച്ചിരുന്നു. അടുക്കളയിലുണ്ടായിരുന്ന സാധനങ്ങളും വീടിന്റെ ഇലക്ട്രിക് വയറിംഗ്, ഫർണിച്ചർ, ഫ്രിഡ്‌ജ്, ഫാൻ, ജനൽചില്ല് എന്നിവയും ബാത്ത് റൂം ഉൾപ്പെടെയുള്ളവയുടെ വാതിലും നശിച്ചു. തട്ട് സീലിംഗ് ചെയ്‌തിരുന്നതും തീപിടിത്തത്തിൽ അടർന്നുവീണു. വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, സുധീഷ്, വില്ലേജ് അധികൃതർ എന്നിവരുൾപ്പെടെയുള്ളവരെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്തിൽ നിന്ന് 10 വർഷം മുമ്പ് ആശ്രയ പദ്ധതിയിലൂടെ ലഭിച്ച വീടാണ് കത്തിനശിച്ചത്. ഡ്രൈവറായിരുന്ന പുരുഷോത്തമൻ വാഹന അപകടത്തെ തുടർന്ന് കഴിഞ്ഞ 15 വർഷത്തിലേറെയായി ജോലിക്ക് പോകുന്നില്ല. ഭാര്യ വിജയകുമാരി മലയം ക്ഷേത്രത്തിന് മുന്നിൽ നടത്തുന്ന പൂക്കടയിൽ നിന്നുള്ള വരുമാനമാണ് ഏക ആശ്രയം.