sarith

തിരുവനന്തപുരം: സ്വർണം കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നുവെന്ന സംശയത്തിൽ സരിത്തിന്റെ കാർ കസ്​റ്റംസ് പിടിച്ചെടുത്തു. സരിത്തിന്റെ അച്ഛന്റെ പേരിലുള്ള ഈ കാറിലാണ് മുമ്പ് കാർഗോ കോംപ്ലക്സിൽ നിന്ന് നയതന്ത്റ ബാഗേജ് എന്ന പേരിലുള്ള പാഴ്സലുകൾ കൊണ്ടുപോയിരുന്നതെന്നാണ് സംശയിക്കുന്നത്. കാർഗോ കോംപ്ലക്സിൽ നിന്നുള്ള കാമറ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് കാർ കസ്​റ്റംസ് പിടിച്ചെടുത്തത്. കാർഗോ കോംപ്ലക്സിലേക്ക് എത്തുകയും തിരികെപ്പോവുകയും ചെയ്യുന്ന കാറിന്റെ ദൃശ്യങ്ങൾ കസ്​റ്റംസിന് ലഭിച്ചു. സരിത്തും സംഘവും സ്വർണം കടത്തിയെന്ന് സംശയിക്കുന്ന ചില ദിവസങ്ങളിൽ ഈ കാറിന്റെ സാന്നിദ്ധ്യം സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചതായും വിവരമുണ്ട്. അവസാനം സ്വർണം പിടികൂടിയ ഈമാസം അഞ്ചിനും ശംഖുംമുഖത്തെ കാർഗോ കോംപ്ലക്സിൽ ഈ കാർ എത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവ് ലഭിച്ചു.