arun-balachandran

തിരുവനന്തപുരം:സ്വർണ കള്ളക്കടത്ത് കേസിൽ തന്നെ കുടുക്കി എം.ശിവശങ്കറിനെ രക്ഷിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രൻ എൻ.ഐ.എയ്ക്കും കസ്​റ്റംസിനും പരാതി നൽകി.

ഐടി വകുപ്പിൽ വരും മുൻപേ ശിവശങ്കറിന് സ്വപ്നയുമായി ബന്ധമുണ്ട്. സ്വപ്നയ്ക്ക് കുറഞ്ഞ വിലയിൽ കാർ വാങ്ങുന്നതിന് ശിവശങ്കർ തന്റെ സഹായം തേടിയെന്നും അരുൺ വ്യക്തമാക്കി.

എന്നാൽ ,അരുൺ ബാലചന്ദ്രനെ ഉന്നത പദവികളിലെത്താൻ സഹായിച്ചത് ഐ.ടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണെന്നാണ് കസ്റ്റംസ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ സ്ഥാനത്തു നിന്നും മാറ്റിയിട്ടും ഐ.ടി വകുപ്പിന്റെ മാർക്കറ്റിംഗ്ആൻഡ് ഓപ്പറേഷൻസ് ഡയറക്ടറായി തുടരാൻ സഹായിച്ചത് ഈ ബന്ധമാണ്. ഏറ്റവുമൊടുവിൽ സർക്കാർ പ്രഖ്യാപിച്ച പ്രവാസി പുനരധിവാസ പദ്ധതി ‘ഡ്രീം കേരള’യുടെ നടത്തിപ്പ് കമ്മിറ്റിയിലും അംഗമായി. ഡ്രീം കേരള കാമ്പെയിൻ ഹാക്കത്തോൺ, പദ്ധതി നിർവഹണം എന്നിവയുടെ മേൽനോട്ടവും പ്ലാനും തീരുമാനിക്കേണ്ട കമ്മറ്റിയിലാണ് ഐ.എ.എസ്, ഐ.പി.എസ്, ഐ.ടി ഉന്നത ഉദ്യോഗസ്ഥരോടൊപ്പം അരുണും ഇടം പിടിച്ചത്. ജൂലായ് രണ്ടിനാണ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ ഈ ഉത്തരവിറക്കിയത്.

കൊച്ചിയിൽ

വൻ ബന്ധങ്ങൾ

അരുണിന് കൊച്ചി കേന്ദ്രമായി വലിയ ബിസിനസ് ബന്ധങ്ങളുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ വിശദമായി അന്വേഷിക്കണമെന്നും നേരത്തേ ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. അരുൺ കൊച്ചിയിൽ വമ്പൻ പാർട്ടികൾ നടത്തിയെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഐ.ടി ഫെലോ പദവി ഒഴിവാക്കിയതെന്നാണ് സൂചന.

കൊച്ചി ഇൻഫോപാർക്കിൽ ഐ.ടി മാസികയുടെ ചുമതലക്കാരനായിരുന്നു അരുൺ, വെബ്സൈറ്റ് ഡെവലപ് ചെയ്യുന്ന സ്റ്റാർട്ട് അപ് കമ്പനി ആരംഭിച്ചു. പിന്നീട് ഒരു ഫാഷൻ മാസികയുടെ മേധാവിയായി. 2017 അവസാനം ആ ജോലി വിട്ടു. പിന്നീടാണ് ഐ..ടി സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തിന്റെ പേരിൽ സർക്കാരിൽ കരാർ ജോലി ലഭിക്കുന്നതും മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയായി ഉയർത്തപ്പെടുന്നതും. ദുബായിലും അമേരിക്കയിലും വൻ ഐ.ടി മേളകളിൽ സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു . സ്വപ്നയ്ക്ക് ഫ്ലാറ്റ് വാടകയ്ക്കെടുക്കാൻ സഹായിച്ചതിന്റെ തെളിവുകൾ പുറത്തു വന്നതോടെയാണ്, ഐ.ടി പാർക്കുകളുടെ മാർക്കറ്റിംഗ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ പദവിയിൽ നിന്ന് അരുണിനെ സർക്കാർ പുറത്താക്കിയത്.

ശിവശങ്കറിന്റെ വഴി വിട്ട
നടപടികൾ സംശയാസ്പദം

തിരുവനന്തപുരം: വ്യക്തിബന്ധങ്ങളിൽ ജാഗ്രതക്കുറവ് കാട്ടി, ഔദ്യോഗിക ജീവിതത്തെ ലാഘവബുദ്ധിയോടെ സമീപിച്ചു തുടങ്ങിയ ആക്ഷേപങ്ങളാണ് എം. ശിവശങ്കറിനെതിരെ ചീഫ്സെക്രട്ടറി ഡോ. വിശ്വാസ് മേത്തയും അഡിഷണൽ ചീഫ്സെക്രട്ടറി രാജേഷ് കുമാർ സിംഗും ഉൾപ്പെട്ട സമിതി മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും റിപ്പോർട്ടിലുണ്ട്.

സ്വർണ്ണക്കടത്ത് കേസിലുൾപ്പെട്ട പ്രതികളുമായി മുമ്പ് ശിവശങ്കർ നടത്തിയ വിദേശയാത്രകളടക്കം അഖിലേന്ത്യാ സർവീസിന് നിരക്കുന്ന പ്രവൃത്തിയല്ല. പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനവുമാണ് .സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷുമായും സരിത്തുമായും അനൗദ്യോഗികതലത്തിൽ നടത്തിയ ദീർഘമായ ഫോൺ സംഭാഷണങ്ങൾ സംശയാസ്പദമാണ്. കേസ് വരുന്നതിന് മുമ്പാണെങ്കിലും, ഇതേ പ്രതികളുമായി മുമ്പ് നടത്തിയ വിദേശയാത്രകളും ശരിയായ രീതിയിലല്ല.