arun

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെപ്രതി സ്വപ്നയ്ക്ക് ഫ്ളാ​റ്റ് ബുക്ക് ചെയ്തുകൊടുത്ത മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രന് പൊലീസ്, സിനിമാ, രാഷ്ട്രീയ, നയതന്ത്ര ഉന്നതരുമായി അടുത്ത ബന്ധം. സംസ്ഥാനത്തെ പൊലീസ് പ്രമുഖനുമായും യു.എ.ഇ ഭരണകൂടത്തിലെ ഉന്നതരുമായും ഇയാൾക്ക് ബന്ധമുണ്ട്. വമ്പന്മാരുമായി സൗഹൃദം വെളിവാക്കുന്ന ചിത്രങ്ങളടങ്ങിയ അരുണിന്റെ ഫേസ്ബുക്ക് പേജ് ഇന്നലെ അപ്രത്യക്ഷമായി. സിനിമാ, രാഷ്ട്രീയ ഉന്നതരുമൊത്തുള്ള ചിത്രങ്ങൾ ഫേസ്ബുക്കിലുണ്ടായിരുന്നു. കൊച്ചിയിൽ ഫാഷൻ മാഗസീനിന്റെ ചുമതലയിലുള്ളപ്പോൾ നടത്തിയ പാർട്ടികളിലൂടെയാണ് അരുൺ ബാലചന്ദ്രൻ ഉന്നതരുമായി അടുക്കുന്നത്. അരുണിന്റെ ബിസിനസിൽ കള്ളക്കടത്തുകേസിലെ പിടികിട്ടാപ്പുള്ളി ഫെസൽ ഫരീദ് പണം മുടക്കിയിട്ടുണ്ടെന്ന സൂചനകളെത്തുടർന്ന് എൻ.ഐ.എ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്നെ സ്വർണക്കടത്തു സംഘവുമായി പരിചയപ്പെടുത്തിയത് അരുണാണെന്ന് ശിവശങ്കർ മൊഴി നൽകിയതായി സൂചനയുണ്ട്. സർക്കാർ ഉദ്യോഗസ്ഥരെ സ്വർണക്കടത്തു സംഘം കുരുക്കിൽപ്പെടുത്തുകയായിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്.

ഐ.ടി പരിചയം കുറവ്

അരുണിന് ഐ.ടി രംഗത്ത് വേണ്ടത്ര മുൻപരിചയമില്ലെന്ന് വിവരം. മാർക്കറ്റിംഗ് മാനേജ്മെന്റിലാണ് പി.ജി. തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിലാണ് ബിരുദം. പിന്നീട് ബിസിനസ് മാഗസീന്റെ സ്ഥാപക ഡയറക്ടറായി. ഐ.ടി മേഖലയിൽ പരിചയമില്ലാഞ്ഞിട്ടും മുഖ്യമന്ത്റിയുടെ ഐ.ടി ഫെലോ ആയി നിയമനം ലഭിക്കാൻ സഹായിച്ചത് ഉന്നത ബന്ധങ്ങളാണെന്ന് കസ്റ്റംസ് പറയുന്നു.