തിരുവനന്തപുരം: നിയന്ത്രണങ്ങളെ നോക്കുകുത്തികളാക്കി കടകളിലേക്ക് ഇടിച്ചു കയറുന്നവർ സാധനങ്ങളോടൊപ്പം കൊവിഡും വാങ്ങി തിരിച്ചുപോകുന്ന അനുഭവം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. തലസ്ഥാനത്തെ അനുഭവം മുൻനിറുത്തി പ്രത്യേക പ്രതിരോധ നടപടികൾ പുനഃക്രമീകരിക്കും. തുണിക്കടയിൽ ഇത്ര വലിയ രോഗബാധ വന്നെങ്കിൽ സമൂഹത്തിൽ എത്രമാത്രം അപകടം വിതച്ചിരിക്കുമെന്ന് ആശങ്കപ്പെടണം. ഈ ദിവസങ്ങളിൽ ആ തുണിക്കടയിൽ പോയവർ പെട്ടെന്നു തന്നെ അടുത്ത ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
രോഗം എല്ലായിടത്തും
ശ്രദ്ധയിൽപ്പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളുമുണ്ടാകാൻ സാദ്ധ്യയതയുണ്ട്. അതിനാൽ ഒരുപ്രദേശത്ത് രോഗികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രതിരോധ പ്രവർത്തനം നടത്തണം. കമ്പോളങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവ കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നുവെന്നാണ് തിരുവനന്തപുരത്തെ അനുഭവം പഠിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ പഞ്ചായത്തിലും 100 കിടക്ക
എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനം നടക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 100 കിടക്കകളെങ്കിലുമുള്ള സെന്ററാണ് ഓരോ പഞ്ചായത്തിലും ആരംഭിക്കുക. ഇതിന്റെ നടത്തിപ്പിനാവശ്യമായ ആരോഗ്യപ്രവർത്തകരെയും കണ്ടെത്തും. ആരോഗ്യപ്രവർത്തകരെ അണിനിരത്തി പ്രതിരോധം വിപുലപ്പെടുത്താനാണ് തീരുമാനം. ഏതു നിമിഷവും സേവനം ലഭ്യമാകുന്ന രീതിയിൽ സേനയെപ്പോലെ പ്രവർത്തിക്കുന്ന സംവിധാനമാണുണ്ടാക്കുന്നത്.