swapna

തിരുവനന്തപുരം: സ്വർണകള്ളക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിട്ടത് സ്വപ്നയുടെ പേരിലുള്ള സ്വന്തം കാറിലാണെന്ന് കണ്ടെത്തി. പൊലീസ് ഒത്താശയോടയാണ് പ്രതികൾ സംസ്ഥാനം വിട്ടതെന്ന വാദങ്ങൾ ശരിവയ്ക്കുന്നതാണ് പുതിയ വിവരങ്ങൾ. ചെക്ക് പോസ്റ്റുകളിലും ഹൈവേ ഡ്യൂട്ടിയിലുള്ളവർക്കും സ്വപ്നയുടെ വാഹന നമ്പർ പൊലീസ് കൈമാറിയിരുന്നെങ്കിൽ കേരളം വിടുന്നതിന് മുൻപേ പ്രതികൾ പിടിയിലായേനെ. പ്രതികൾ എവിടെയെന്ന് ഒരു സൂചനയുമില്ലാതെ കസ്റ്റംസ് വലയുമ്പോഴാണ് പൊലീസിന്റെ മൂക്കിൻ തുമ്പിലൂടെ കഴിഞ്ഞ ഒമ്പതിന് പട്ടാപ്പകൽ വാളയാർ വഴി ഇവർ കേരളം വിട്ടത്. വാളയാറിൽ പൊലീസ് പരിശോധനയും പിക്കറ്റുമുണ്ടെങ്കിലും സ്വപ്നയുടെ വാഹന നമ്പർ പൊലീസ് കൈമാറാതിരുന്നതിനാൽ അവിടെ പരിശോധനയുണ്ടായില്ല.

കെ.എൽ 01 സി ജെ 1981 എന്ന നമ്പറുള്ള കാറിലായിരുന്നു സ്വപ്നയുടെയും സന്ദീപന്റെയും യാത്ര. ഒൻപതിന് ഉച്ചയ്ക്ക് 12.22 നാണ് തൃശൂർ പാലിയേക്കര ടോൾ പ്ലാസ കടന്നത്. ഒരു മണിക്കൂർ കൊണ്ട് വാളയാറെത്തി. പട്ടാപ്പകൽ ഇത്രയും ദൂരം പ്രതികൾ കുടുംബസമേതം സഞ്ചരിച്ചിട്ടും ഒരിടത്തുപോലും പിടിക്കപ്പെട്ടില്ലെന്നത് ഒളിവിൽപോകാൻ ഉന്നതതലങ്ങളിൽ നിന്നുള്ള സഹായം സ്വർണക്കടത്ത് സംഘത്തിന് ലഭിച്ചിരുന്നുവെന്ന ആരോപണം ശക്തിപ്പെടുത്തുന്നതായി.