gold

തിരുവനന്തപുരം: എയർ ഇന്ത്യ സാ​റ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ്, വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസിയായ ഭദ്റ ഇന്റർനാഷണലിൽ നിന്ന് രാജിവച്ചു. സ്വർണക്കടത്തിൽ ആരോപണം ഉയർന്നതിനെ തുടർന്ന് കമ്പനി ആവശ്യപ്പെട്ട പ്രകാരമാണ് ബിനോയ് രാജിവച്ചതെന്നാണ് വിവരം. സ്വർണക്കടത്തുകേസിൽ പ്രതിയായ സ്വപ്നയെ എയർഇന്ത്യ സാ​റ്റ്സിൽ നിയമിച്ചത് ബിനോയ് ജേക്കബ് വൈസ് പ്രസിഡന്റായിരിക്കെയാണ്. സ്വപ്നയെ എയർ ഇന്ത്യ സാ​റ്റ്സിൽ എത്തിച്ചെന്ന ആരോപണവും ബിനോയിക്കെതിരെയുണ്ട്. എയർഇന്ത്യ സാ​റ്റ്‌സ് ജീവനക്കാർക്ക് പണം നൽകി സ്വർണക്കടത്തിന് സമ്മർദ്ദം ചെലുത്താറുണ്ടെന്ന് അഡ്മിനിസ്ട്രേ​റ്റീവ് ഓഫീസറായിരുന്ന മെറിൻ മാത്യു വെളിപ്പെടുത്തിയിരുന്നു. ഏ​റ്റവും ഒടുവിൽ ബിനോയ് ജേക്കബ് വിമാനത്താവളത്തിൽ കയറാനുള്ള എൻട്രി പാസ് നേടിയത് അനധികൃതമായാണെന്നും തെളിഞ്ഞിരുന്നു. ഒരു കേസിൽ അന്വേഷണവും മ​റ്റൊരു കേസിൽ വിചാരണയും നേരിടുമ്പോഴാണ് ബിനോയ് പൊലീസിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്ക​റ്റ് ലഭ്യമാക്കി വിമാനത്താവളത്തിലെ എൻട്രി പാസ് നേടിയത്. ബിനോയ് ജേക്കബിനെ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്തതായി സൂചനയുണ്ട്.